s

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അനന്തരവൾ മരിയ ആലമിന്റെ "വോട്ട് ജിഹാദ്" പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യ" മുന്നണിയുടെ തന്ത്രമാണ് വനിതാ നേതാവ് തുറന്നുകാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആനന്ദിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിങ്ങൾ വോട്ട് ജിഹാദിനായി പോകണമെന്നാണ് 'ഇന്ത്യ" മുന്നണി ആവശ്യപ്പെടുന്നത്. മദ്രസയിൽ നിന്ന് പുറത്തുവന്ന ഒരു കുട്ടിയിൽ നിന്നല്ല,​ വിദ്യാസമ്പന്നമായ കുടുംബത്തിൽ നിന്നാണ് ഈ ആരോപണം വന്നിരിക്കുന്നത്. എല്ലാ മുസ്ലിങ്ങളും ഒരുമിച്ച് വോട്ടുചെയ്യണമെന്നാണ് 'ഇന്ത്യ" മുന്നണി ആവശ്യപ്പെടുന്നത്. ഇതിലൂടെ ജനാധിപത്യത്തേയും ഭരണഘടനയേയുമാണ് അവർ അപമാനിച്ചത്. ഇതുവരെ ഒരു കോൺഗ്രസ് നേതാവുപോലും ഈ പ്രസ്താവനയെ തള്ളി പറഞ്ഞില്ലെന്നും മോദി കുറ്റപ്പെടുത്തി.

'ഇന്ത്യ" മുന്നണി ഒരുവശത്ത് എസ്.സി,​ എസ്.ടി,​ ഒ.ബി.സി വിഭാഗങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നു,​ മറുവശത്ത് വോട്ട് ജിഹാദെന്ന മുദ്രാവാക്യം ഉയർത്തുന്നു. അവരുടെ അപകടകരമായ ഉദ്ദേശ്യങ്ങളാണ് ഇത് കാണിച്ചുതരുന്നതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഫറൂക്കാബാദിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മരിയ ആലം വിവാദ പരാമർശം നടത്തിയത്. വോട്ട് ജിഹാദിലൂടെ മാത്രമേ ഇന്ത്യയിൽ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാനാകൂ എന്നായിരുന്നു പരാമർശം. തുടർന്ന് മരിയ ആലമിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.

'പാകിസ്ഥാൻ കോൺഗ്രസിനുവേണ്ടി കരയുന്നു"

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ പാകിസ്ഥാനുമായി പങ്കാളിത്തത്തിലാണെന്ന് മോദി ആരോപിച്ചു. ദുർബലമായ കോൺഗ്രസ് ഭീകരതയുടെ യജമാനന്മാർക്ക് രേഖകൾ നൽകി. എന്നാൽ മോദിയുടെ ശക്തമായ സർക്കാർ ഭീകരരെ അവരുടെ മണ്ണിൽ കൊല്ലുന്നു. യാദൃശ്ചികമായാണ് കോൺഗ്രസ് രാജ്യത്ത് ദുർബലമാകുന്നത്. ഇവിടെ കോൺഗ്രസ് മരിക്കുന്നതിൽ കരയുന്നത് പാകിസ്ഥാനാണ്. കോൺഗ്രസിനു വേണ്ടി പാക് നേതാക്കൾ ദുഅ വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കോൺഗ്രസും പാകിസ്ഥാനും തമ്മിലുള്ള പങ്കാളിത്തം ഇതോടെ തുറന്നുകാട്ടപ്പെട്ടെന്നും മോദി പറഞ്ഞു. മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫഹദ് ഹുസൈൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് മോദിയുടെ വിമർശനം.