പാലക്കാട്: 'സ്ട്രീറ്റ് ടൂറിസം' പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ജില്ലയിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകൾ കണ്ടെത്തി 'വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ്' തയ്യാറാക്കിയിട്ടുണ്ട്. കളരിപ്പയറ്റ് സെന്റർ, മൺപാത്ര നിർമ്മാണം, കൊട്ടനെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിർമ്മാണം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ, നാടൻകലകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പാക്കേജ്.
250 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു
വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാർഗം ഉറപ്പുവരുത്തുകയാണ് പാക്കേജിന്റെ ലക്ഷ്യം. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ ഔദ്യോഗികമായി അറിയിച്ചതിനുശേഷം ഉത്തരവാദിത്വ ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ൽ പ്രസിദ്ധീകരിക്കും. അതുവഴി വിനോദസഞ്ചാരികൾക്ക് പാക്കേജുകൾ ബുക്കുചെയ്യാനും അവസരമുണ്ട്.
ഉത്തരവാദിത്ത ടൂറിസം മിഷനുകീഴിൽ പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി പരമ്പരാഗത തൊഴിൽചെയ്യുന്നവർ, കലാകാരന്മാർ, കർഷകർ തുടങ്ങിയവരുടെ 250ഓളം യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലും 'സ്ട്രീറ്റ് പദ്ധതി' നടപ്പാക്കുന്നുണ്ട്.
സ്ട്രീറ്റ് എന്നാൽ
ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. സസ്‌റ്റൈനബിൾ ( സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന ), റെസ്‌പോൺസിബിൾ (ഉത്തരവാദിത്തമുള്ള ), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ), എത്നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്സ്പീരിയൻസ് / എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും.
പദ്ധതിയുടെ നേട്ടം
ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയും.
സഞ്ചാരികൾക്ക് മികച്ച അനുഭവവും തദ്ദേശീയ ജനതയ്ക്ക് വിനോദസഞ്ചാരത്തിൽ സജീവ പങ്കാളിത്തവും വരുമാനവും ലഭിക്കും.