അടുത്തിടെ കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് മൈഗ്രെയ്ൻ അല്ലെങ്കിൽ കഠിനമായ തലവേദന. തീവ്രതയേറിയതും കുറഞ്ഞുമുളള തലവേദനയോടൊപ്പം ചിലപ്പോൾ ഓർക്കാനവും പ്രകാശത്തിൽ നോക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ടാകുന്ന അവസ്ഥയാണിത്. ഹോർമോണുകളുടെ വ്യത്യാസം, ചില ഭക്ഷണവും പാനീയങ്ങളും, അമിത ഉത്കണ്ഠ, അമിത വ്യായാമം എന്നിവ കാരണവും മൈഗ്രെയ്ൻ ഉണ്ടാകാം. എന്നാൽ, മൈഗ്രെയ്ന്റെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ടുതന്നെ, ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമുള്ള തലവേദനയെയും ചിലരെങ്കിലും മൈഗ്രെയ്ന്റെ വകഭേദത്തിൽ ഉൾപ്പെടുത്താറുണ്ട്.
പ്രതിവിധി എങ്ങനെ
ചെറുതായി ചൂട് കൊടുത്ത് മാംസപേശികളെ സാന്ത്വനപ്പെടുത്തുകയോ ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുകയോ ചായയോ കാപ്പിയോ കുടിക്കുകയോ ചെയ്താൽ മൈഗ്രെയ്ൻ കുറയാറുണ്ട്. പ്രത്യേകിച്ച് മൈഗ്രെയ്ന്റെ ആദ്യ നാളുകളിലും തലവേദന തുടങ്ങുന്ന സമയത്തും ഇത് കൂടുതൽ ഗുണം ചെയ്യാറുണ്ട്. മൈഗ്രെയ്ൻ തലവേദനകൾ മൂന്ന് മുതൽ നാല് മണിക്കൂറുകൾ കൊണ്ട് പൊതുവെ ശമിക്കുന്നതാണ്. എന്നാൽ, ചിലത് മൂന്ന് ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. ഒരു മാസത്തിൽ നാല് തവണ വരെ ഇത് ചിലരിൽ ആവർത്തിക്കാറുണ്ട്.
ഓറഞ്ച്, പച്ചക്കറികൾ, മധുരക്കിഴങ്ങ്, ക്യാരറ്റ്, തവിടോടുകൂടിയ അരി കൊണ്ടുള്ള ഭക്ഷണം, ഉണക്കിയതും പാകപ്പെടുത്തിയതുമായ പഴങ്ങൾ എന്നിവ മൈഗ്രെയ്നെ കുറയ്ക്കുന്ന വിഭവങ്ങളാണ്. എന്നാൽ, അധികമായ ഉപ്പ്, അജിനോ മോട്ടോ, മദ്യം, ടെൻഷൻ, കാലാവസ്ഥയിലെ വ്യത്യാസം, ഉറക്കക്കുറവ്, ചില മരുന്നുകൾ എന്നിവ മൈഗ്രെയ്‌ൻ ഉണ്ടാകാനുളള സാദ്ധ്യത വർദ്ധിപ്പിക്കും. ഇവയൊക്കെ ചെയ്തിട്ടും മൈഗ്രെയ്‌ൻ കുറയുന്നില്ലെങ്കിൽ വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിക്കാവുന്നതാണ്.