pic

ന്യൂയോർക്ക്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോൾ‌ഡി ബ്രാർ കാലിഫോർണിയയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി യു.എസ് പൊലീസ്. ബുധനാഴ്ച കാലിഫോർണിയയിലെ ഫെയർമോണ്ട് ആൻഡ് ഹോൾട്ട് അവന്യൂവിൽ ഏറ്റുമുട്ടലിനിടെ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു. ഇയാൾ ഗോൾഡി ബ്രാർ ആണെന്ന് സമൂഹ മാദ്ധ്യമത്തിൽ വ്യാപക പ്രചാരണമുണ്ടായി. ചില ന്യൂസ് ഏജൻസികളിലും വാർത്ത വന്നു. ഇതോടെയാണ് യു.എസ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സേവ്യർ ഗാൽഡ്‌നി (3 )​ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സതീന്ദർജിത്ത് സിംഗ് എന്ന ഗോൾഡി ബ്രാർ കൊടും ക്രിമിനലും ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളുമാണ്. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ തന്റെ ഗ്രാമത്തിന് സമീപം കാറിൽ വച്ച് വെടിയേറ്റാണ് മൂസെവാല കൊല്ലപ്പെട്ടത്. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബ്രാർ ഏറ്റെടുക്കുകയായിരുന്നു.