ഈജിപ്ഷ്യൻ ഫറവോമാരിൽ ഏറ്റവും പ്രശസ്തനാണ് തുത്തൻഖാമൻ. തുത്തൻഖാമന്റെ ശാപവും ലോകപ്രശസ്തമാണ്. തുത്തൻഖാമന്റെ കല്ലറ കണ്ടെത്തി മമ്മി വഹിച്ചിരുന്ന പേടകം തുറന്ന പലരും ഓരോ തരത്തിൽ മരണപ്പെട്ടെന്നാണ് ചരിത്രത്തിൽ പറയുന്നത്. തന്നെ ശല്യപ്പെടുത്തിയവരെ തുത്തൻഖാമന്റെ ശാപം വേട്ടായാടുന്നതായാണ് കഥകൾ.
ഇതാണ് തുത്തൻഖാമന്റെ ശാപം അല്ലെങ്കിൽ ഫറവോയുടെ ശാപം എന്ന പേരിൽ ലോക പ്രശസ്തമായത്. ഈജിപ്റ്റിൽ കണ്ടെത്തിയ മറ്റ് ചില മമ്മികൾക്ക് പിന്നിലും ഇത്തരം ശാപക്കഥകളുണ്ട്. എന്നാൽ, ഈ അസ്വഭാവിക മരണങ്ങൾക്ക് ശാപവുമായി ബന്ധമില്ലെന്ന് പറയുന്ന ഗവേഷകർ പുതിയ ഒരു ശാസ്ത്രീയ വിശദീകരണം അവതരിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ജേർണലിലാണ് ഇക്കാര്യമുള്ളത്. യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ അടക്കമുള്ള വിഷ പദാർത്ഥങ്ങളാകാം ഈ മരണങ്ങൾക്ക് പിന്നിലെന്ന് ഗവേഷകർ പറയുന്നു. 3,000 വർഷത്തിലേറെയായി കല്ലറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഇവ കല്ലറ തുറന്നപ്പോൾ പുറത്തുചാടിയതോടെ അവിടെയുണ്ടായിരുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും പറയുന്നു.
തുത്തൻഖാമന്റെ കല്ലറയിൽ ആശങ്കാജനകമായ തരത്തിൽ റേഡിയേഷൻ സാന്നിദ്ധ്യമുണ്ടെന്നും ഇത് ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗിസയ്ക്ക് സമീപവും സഖാറയിലും പുരാതന കല്ലറകളിൽ റേഡിയേഷൻ സാന്നിദ്ധ്യം കണ്ടെത്തി.
പുരാതന കാലത്ത് ജീവിച്ചിരുന്നവർക്ക് ഈ കല്ലറകളിലെ അപകടത്തെ പറ്റി അറിവുണ്ടായിരുന്നിരിക്കാമെന്നും അതാകാം അത് തുറക്കാൻ പാടില്ലെന്ന മുന്നറിയിപ്പ് കൊത്തിവച്ചിരുന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു. പുരാതന കല്ലറകളിലെ വൈറസുകൾ പോലുള്ള സൂഷ്മ ജീവികളുടെ സാന്നിദ്ധ്യമാകാം മരണങ്ങൾക്ക് കാരണമെന്ന സിദ്ധാന്തവും നിലവിലുണ്ട്. ഏതായാലും തുത്തൻഖാമന്റെ കല്ലറയിലെത്തിയവർ ഒന്നിന് പിറകെ ഒന്നായി മരിച്ചതിന് കാരണം അമാനുഷിക ശക്തികളോ ശാപമോ അല്ലെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു.
1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ ആണ് ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത്.
കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. 18-ാം രാജവംശത്തിൽപ്പെട്ട തുത്തൻഖാമൻ എട്ടോ ഒമ്പതോ വയസുള്ളപ്പോൾ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തൻഖാമൻ മരിച്ചത്. തുത്തൻഖാമൻ എങ്ങനെ മരിച്ചു എന്നത് ഇന്നും തർക്ക വിഷയമാണ്. കാലിലെ ഒടിവ്, രഥത്തിൽ നിന്നുള്ള വീഴ്ച തുടങ്ങി മലേറിയ ബാധ വരെ മരണകാരണങ്ങളായി പറയപ്പെടുന്നു. തുത്തൻഖാമന് സിക്കിൾ സെൽ അനീമിയ ഉണ്ടായിരുന്നിരിക്കാമെന്നാണ് മറ്റൊരുവാദം.