ന്യൂഡൽഹി: മുൻ ഗുസ്തി താരവും ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് ബി.ജെ.പി. പകരം അദ്ദേഹത്തിന്റെ മകനും ഉത്തർപ്രദേശ് ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ കരൺ ഭൂഷൻ സിംഗിനെ സ്ഥാനാർത്ഥിയാക്കി. നിലവിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ച് എം.പിയാണ് ബ്രിജ്ഭൂഷൺ. ലോക്‌സഭയിൽ ആറു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരിൽ വൻ രാഷ്ട്രീയ തിരിച്ചടി നേരിട്ട ബ്രിജ്ഭൂഷൺ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വിവാദം തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നതോടെ മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനം കണക്കിലെടുത്താണ് മകനു തന്നെ സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിച്ചത്. 20ന് അഞ്ചാം ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. ബ്രിജ്ഭൂഷണിന്റെ മൂത്തമകൻ പ്രതിക് ഭൂഷൻ സിംഗ് എം.എൽ.എയാണ്.
കോൺഗ്രസിന്റെ ശക്തികേന്ദ്രവും സോണിയ ഗാന്ധിയുടെ മണ്ഡലവുമായ റായ്ബറേലിയിൽ പ്രതാപ് സിംഗ് മത്സരിക്കും.