heatwave

കേരളത്തിൽ ഈ വർഷം മുമ്പെങ്ങുമില്ലാത്ത കാലാവസ്ഥാ മാറ്റമാണ് പ്രകടമായിട്ടുള്ളത്. കൊടുംചൂടും ഉഷ്ണതരംഗവും കാരണം സാധാരണജീവിതം തന്നെ അസഹ്യമായിരിക്കുന്നു. ഇത്തവണത്തെ മഴക്കാലം പതിവിലും ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. വേനലിൽ വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും,​ മറ്റ് പ്ളാസ്റ്റിക് ഉത്പന്നങ്ങളുമൊക്കെ കുന്നുകൂടി ജലനിർഗമനത്തിനുള്ള അഴുക്കുചാലുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. മഴക്കാലത്ത്,​ നഗര- ഗ്രാമവ്യത്യസമില്ലാതെ പാതകൾ മാലിന്യപ്പുഴകളായി മാറുന്നതിനുള്ള പ്രധാന കാരണം ഈ അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതാണ്.

മഴ ശക്തിപ്പെട്ടതിനു ശേഷമല്ല ഓടകൾ വൃത്തിയാക്കുന്ന ജോലി തുടങ്ങേണ്ടത്. മുമ്പൊക്കെ ഏറക്കുറെ സമയബന്ധതമായി പൂർത്തിയാക്കിയിരുന്ന മഴക്കാലപൂർവ ശുചീകരണം എന്തുകൊണ്ടോ കുറച്ചുവർഷമായി കാര്യമായ അമാന്തത്തിലാണ്. മഴയ്ക്കു തൊട്ടുമുമ്പ് ഓടകൾ കോരി വൃത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തിയാലും,​ മാലിന്യം റോഡരികിലേക്ക് കോരിയിടുന്ന പണിയേ നടക്കുന്നുള്ളൂ. ആദ്യത്തെ മഴയ്ക്കു തന്നെ ഇതെല്ലാം തിരികെ ഓടകളിലേക്ക് ഒഴുകിയിറങ്ങുകയും ചെയ്യും.

ഇങ്ങനെ കോരിയിടുന്ന മാലിന്യം അവിടെനിന്ന് അപ്പോൾത്തന്നെ നീക്കം ചെയ്തില്ലെങ്കിൽ ചെയ്യുന്ന പണികൊണ്ട് ഒരു പ്രയോജനവും ഇല്ലാതാകും. റോഡിലെ വെള്ളക്കെട്ടിനും,​ താഴ്ന്ന സ്ഥലങ്ങൾ ചെറുമഴയ്ക്കു പോലും വെള്ളത്തിനടിയിലാകുന്നതിനും വഴിയൊരുക്കുന്ന ഈ മാലിന്യക്കുരുക്കിന് ഇത്തവണയെങ്കിലും പരിഹാരമുണ്ടാകുമോ?​ മഴക്കാലപൂർവ ശുചീകരണ ജോലികൾ കൃത്യമായി നിർവഹിക്കുക മാത്രമല്ല,​ മാലിന്യ നീക്കത്തിനും ശാസ്ത്രീയവും ഫലപ്രദവുമായ സംവിധാനമുണ്ടാവുകയും വേണം.

ആർ. ജിഷി

കൊട്ടിയം, കൊല്ലം

കലാശക്കൊട്ട്

എന്ന കുരുക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തിയ കലാശക്കൊട്ട് പ്രധാന നഗരങ്ങളിലെല്ലാം മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ കണ്ടപ്പോൾ ജനാധിപത്യത്തിന്റെ ദുർഗതിയോർത്ത് സങ്കടമാണ് തോന്നിയത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും കലാശക്കൊട്ടും മറ്റൊരു രാജ്യത്തുമില്ലാത്ത കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ രാജ്യത്തു മാത്രം ജനങ്ങൾക്കു മേൽ രാഷ്ട്രീയ കക്ഷികൾക്ക് എന്തു തന്നിഷ്ടവുമാകാം!

സ്വകാര്യ വാഹനങ്ങളും പൊതുവാഹനങ്ങളും ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും അടക്കം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു. സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നത്,​ ഏത് രാഷ്ട്രീയ കക്ഷിയായാലും കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയും തയ്യാറാകണം. പൊലീസ് കാവലിലായിരുന്നു പല സ്ഥലത്തെയും ഗതാഗതം മുടക്കലെന്നതാണ് വലിയ തമാശ. ഇത്തരം കക്ഷികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കടുത്ത നടപടികളാണ് വേണ്ടത്.

റോയി വർഗീസ്,

ഇലവുങ്കൽ