ന്യൂഡൽഹി : ഇന്ത്യൻ ചെസ് താരവും ആർ.പ്രഗ്നാനന്ദയുടെ സഹോദരിയുമായ ആർ.വൈശാലിയുടെ ഗ്രാൻഡ് മാസ്റ്റർ പദവി ഔദ്യോഗികമായി അംഗീകരിച്ച് അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെ. കഴിഞ്ഞ വർഷം നവംബറിൽ സ്പെയ്നിൽ നടന്ന ലോബ്രെഗറ്റ് ഓപ്പൺ ചെസ് ടൂർണമെന്റിലൂടെ ഗ്രാൻഡ്മാസ്റ്റർ പദവിക്ക് ആവശ്യമായ 2500 റേറ്റിംഗ് പോയിന്റ് വൈശാലി മറികടന്നിരുന്നു. എന്നാൽ ലോക കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിന് ശേഷം കാനഡയിലെ ടൊറന്റോയിൽ നടന്ന ഫിഡെ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
2018 മുതൽ വനിതാ ഗ്രാൻഡ് മാസ്റ്റർ പട്ടത്തിന് ഉടമയാണ് വൈശാലി. 2400 റേറ്റിംഗ് പോയിന്റുകളാണ് വനിതാ ഗ്രാൻഡ് മാസ്റ്ററാകാൻ വേണ്ടത്. 2018ൽ ലാത്വിയയിൽ നടന്ന റിഗ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓപ്പണിലൂടെയാണ് വനിതാ ഗ്രാൻഡ്മാസ്റ്ററാകാനുള്ള അവസാന നോം വൈശാലി മറികടന്നിരുന്നത്. ഓപ്പൺ വിഭാഗത്തിൽ ഗ്രാൻഡ് മാസ്റ്ററാകാൻ 2500 റേറ്റിംഗ് പോയിന്റുകളാണ് വേണ്ടത്.. ഇക്കഴിഞ്ഞ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഹംപിക്കൊപ്പം വൈശാലിയും വനിതാ വിഭാഗത്തിൽ മത്സരിച്ചിരുന്നു. 14 റൗണ്ടുകളിൽ അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച് പോയിന്റ് പട്ടികയിൽ ലീ ടിംഗ്ജീയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താൻ വൈശാലിക്ക് കഴിഞ്ഞിരുന്നു.ഈ മാസം നോർവേയിൽ നടക്കുന്ന മാസ്റ്റേഴ്സ് ടൂർണമെന്റിലാണ് വൈശാലി ഇനി പങ്കെടുക്കുന്നത്.
തമിഴ്നാട് സഹകരണബാങ്ക് ജീവനക്കാരനായ രമേഷ് ബാബുവിന്റയും വീട്ടമ്മയായ നാഗലക്ഷ്മിയുടെയും മക്കളാണ് വൈശാലിയും പ്രഗ്‌നാനന്ദയും.2018ൽതന്നെ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയിരുന്നു.
3
ഗ്രാൻഡ് മാസ്റ്റർ പട്ടം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് ആർ,വൈശാലി. കൊനേരു ഹംപി, ഡി.ഹരിക എന്നിവരാണ് ഇതിന് മുമ്പ് ഗ്രാൻഡ് മാസ്റ്റർമാരായത്.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന സഹോദരനും സഹോദരിയുമാണ് പ്രഗ്നാനന്ദയും വൈശാലിയും. കാൻഡിഡേറ്റ്സിൽ പങ്കെടുക്കുന്ന ആദ്യ സഹോദരങ്ങളും ഇവരാണ്.
വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചപ്പോൾ ഓപ്പൺ വിഭാഗത്തിലെ ഗ്രാൻഡ്മാസ്റ്റർ പദവിയും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കുറച്ച് വൈകിയത് സാരമില്ല. അത് ലഭിച്ചതിൽ സന്തോഷം
- ആർ.വൈശാലി