sib

ഓഹരി ഉടമകൾക്ക് 30 ശതമാനം ലാഭവിഹിതം

കൊച്ചി: മാർച്ച് 31ന് അവസാനിച്ച 2023-2024 സാമ്പത്തിക വർഷം സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്.ഐ.ബി) 1070.08 കോടി രൂപയുടെ റെക്കാഡ് അറ്റാദായം നേടി.
മുൻവർഷത്തെ അപേക്ഷിച്ച് 38.06 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തിനു പുറമെ ബിസിനസ്, പലിശ വരുമാനം, ആസ്തി വരുമാനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും റെക്കാഡ് വളർച്ചയാണ് കൈവരിച്ചത്.


ഓഹരി ഉടമകളുടെ അനുമതിക്ക് വിധേയമായി 30 ശതമാനം ലാഭവിഹിതം വിതരണം ചെയ്യാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. മൊത്തം ബിസിനസ് എക്കാലത്തേയും ഉയർന്ന നേട്ടമായ 1,82,346 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനമായ 3,332.06 കോടി രൂപയും 19.91 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും 79.10 ശതമാനം നീക്കിയിരുപ്പ് അനുപാതവും (എഴുതിത്തള്ളൽ ഉൾപ്പെടെ) മികച്ച നേട്ടങ്ങളാണ്.
പ്രവർത്തന ലാഭത്തിൽ 23.91 ശതമാനമാണ് വാർഷിക വർദ്ധന. ഇത് മുൻവർഷത്തെ 1,507.33 കോടി രൂപയിൽ നിന്നും 202324 സാമ്പത്തിക വർഷം 1,867.67 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 64 പോയിന്റ് കുറഞ്ഞ് 5.14 ശതമാനത്തിൽ നിന്ന് 4.50 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി 40 പോയിന്റുകൾ കുറഞ്ഞ് 1.86 ശതമാനത്തിൽ നിന്ന് 1.46 ശതമാനമായും നിലവാരം മെച്ചപ്പെടുത്തി.

റീട്ടെയ്ൽ നിക്ഷേപങ്ങൾ 89,615 കോടി രൂപയിൽ നിന്നും 97,743 കോടി രൂപയായി വർദ്ധിച്ചു. എൻ.ആർ.ഐ നിക്ഷേപങ്ങൾ 28,159 കോടി രൂപയിൽ നിന്നും 29,697 കോടി രൂപയായി വർദ്ധിച്ചു 5.46 ശതമാനത്തോടെ 1,538 കോടി രൂപയുടെ വളർച്ചയും നേടി. മൊത്തം വായ്പകൾ 72,092 കോടി രൂപയിൽനിന്നും 80,426 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 8,561 കോടി രൂപ വർദ്ധിച്ച് 32,084 കോടി രൂപയിലെത്തി. വ്യക്തിഗത വായ്പകൾ 25.33 ശതമാനവും സ്വർണ വായ്പകൾ 12.35 ശതമാനവും വർദ്ധിച്ചു.


കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം ബാങ്കിന്റെ ബിസിനസ് വളർച്ചയ്ക്ക് ഉതകുന്നതായിരുന്നുവെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി പറഞ്ഞു. കോർപ്പറേറ്റ്, എസ്.എം.ഇ, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ്, പേഴ്‌സണൽ ലോൺ, ഗോൾഡ് ലോൺ തുടങ്ങി എല്ലാ മേഖലയിലും മികച്ച വളർച്ച രേഖപ്പെടുത്തി. മികച്ച ട്രാക്കുള്ള എല്ലാവർക്കും പുതിയ വായ്പകൾ അനുവദിക്കുന്നതിലൂടെ ഗുണപരമായ വായ്പ വളർച്ചയിലൂടെ ലാഭം കണ്ടെത്താനും ബാങ്ക് ലക്ഷ്യമിടുന്നുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി പറഞ്ഞു