ന്യൂഡൽഹി: യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ വൻ വർദ്ധവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16ശതമാനം ഉയർന്നുവെന്നാണ് റിപ്പോർട്ട്. ജ്വല്ലറി, ഫാർമസ്യൂട്ടിക്കൽസ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി മേഖലകളിലെ വ്യാപാരത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായാണ് ഇന്ത്യയിലെ യുഎഇ എംബസി അറിയിച്ചത്.
2022 മേയ് ഒന്നിന് നടപ്പിലാക്കിയ യുഎഇ - ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) താരിഫുകൾ ഒഴിവാക്കലും കുറയ്ക്കലും ചെയ്തു. കൂടാതെ തുറന്ന വ്യാപാര അന്തരീക്ഷം, വിവിധ മേഖലകളിലെ സേവന ദാതാക്കൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം തുടങ്ങിയ നിരവധി വ്യാപാര ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് സാങ്കേതിക തടസങ്ങൾ പരിഹരിക്കുകയും സർക്കാർ നിരവധി അവസരങ്ങളിലേക്ക് പ്രവേശനം നൽകുകയും ചെയ്യുന്നുവെന്ന് എംബസി അറിയിച്ചു. സിഇപിഎ വ്യാപാരത്തിന്റെ പുരോഗതിക്ക് കാരണമായി. ഉഭയകക്ഷി വിനിമയം 72.9 ബില്യൺ ഡോളറിൽ നിന്ന് (ഏപ്രിൽ 21 മാർച്ച് 2022) 84.5 ബില്യൺ ഡോളറായി (ഏപ്രിൽ 22 മാർച്ച് 2023). 16ശതമാനം വർദ്ധന.
ഇന്ത്യൻ രത്നങ്ങളുടെയും ആഭരണങ്ങളുടെയും യുഎഇയിലേക്കുള്ള കയറ്റുമതി രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 64 ശതമാനം വർദ്ധിച്ചുവെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ കയറ്റുമതി മേഖലകളായ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, പഴം, പച്ചക്കറി എന്നിവയിലും വളർച്ച കെെവരിച്ചിട്ടുണ്ട്. സിഇപിഎ ഇരുരാജ്യങ്ങളുടെ ദീർഘകാല സാമ്പത്തിക ബന്ധങ്ങൾ ഉറപ്പിക്കുകയും സമൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്തതായി ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോക്ടർ അബ്ദുൾനാസർ അൽഷാലി പറഞ്ഞു.