ucl

ബയേൺ മ്യൂണിക്ക് 2- റയൽ മാഡ്രിഡ് 2

ബൊറൂഷ്യ ഡോർട്ട്മുണ്ട് 1- പി.എസ്.ജി 0

ഡോർട്ട്മുണ്ട് /മ്യൂണിക്ക് : കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകളുടെ ആദ്യ പാദ മത്സരങ്ങളിൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ മറ്റൊരു ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെ വീഴ്ത്തി.

ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദമത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആതിഥേയരും റയലും കാഴ്ചവച്ചത്. റയലിനായി വിനീഷ്യസ്

ജൂനിയർ ഇരട്ടഗോളുകൾ നേടിയപ്പോൾ ബയേണിനായി ലെറോയ് സാനേയും ഹാരി കെയ്നും ഓരോ ഗോളടിച്ചു. വിനീഷ്യസിന്റെ രണ്ടാം ഗോളും കെയ്നിന്റെ ഗോളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. 24-ാം മിനിട്ടിൽ വിനീഷ്യസിന്റെ ഗോളിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. 53-ാം മിനിട്ടിൽ സാനേയിലൂടെ ബയേൺ സമനില പിടിച്ചു. തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ വസ്ക്വേസ് മുള്ളറെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. 56-ാം മിനിട്ടിൽ ഈ പെനാൽറ്റി കിക്ക് കെയ്ൻ വലയിലെത്തിച്ചതോടെ ബയേൺ മുന്നിലെത്തി. 83-ാം മിനിട്ടിൽ ബയേണിന്റെ കൊറിയൻ താരം കിം ബോക്സിന് ഉള്ളിൽ നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് വിനീഷ്യസ് സമനില ഗോളാക്കി മാറ്റിയത്. ആദ്യ പാദത്തിൽ രണ്ട് എവേ ഗോളുകൾ നേടാനായത് റയലിന് മുൻതൂക്കം നൽകിയിട്ടുണ്ട്. മേയ് ഒൻപതിനാണ് ഇരുവരും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ.

സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിന്റെ ആദ്യപകുതിയിൽ നിക്ലാസ് ഫുൾക്രഗ് നേടിയ ഗോളിനാണ് ബൊറൂഷ്യ പി.എസ്.ജിയെ തോൽപ്പിച്ചത്.

36-ാം മിനിട്ടിലാണ് പി.എസ്.ജിയുടെ തോൽവി ഉറപ്പിച്ച ഗോൾ പിറന്നത്. ബൊറൂഷ്യ താരം ഷ്‌ലോട്ടർബെക്ക് സ്വന്തം പകുതിയിൽനിന്ന് ഉയർത്തി നൽകിയ പാസ് നിലത്തുവീഴുംമുമ്പേ വലതുകാലിലേക്കെടുത്ത ഫുൾക്രഗ് അതേസമയംതന്നെ ഇടംകാലൻ ഷോട്ടുകൊണ്ട് ബോക്‌സിനകത്തെത്തിക്കുകയായിരുന്നു. അപകടം തടയാൻ പി.എസ്.ജി ഗോളി ഡോണറുമ്മ പന്തെത്തിയ വശത്തേക്കു തന്നെ ഡൈവ് ചെയ്തെങ്കിലും പ്രതിരോധിക്കാനായില്ല.

മത്സരത്തിലുടനീളം പി.എസ്.ജി.യാണ് മികച്ച കളി പുറത്തെടുത്തതെങ്കിലും വിജയം ബൊറൂഷ്യയ്ക്ക് ഒപ്പം നിന്നു. കിലിയൻ എംബാപ്പെയടക്കം കളിച്ചിട്ടും പി.എസ്.ജി.ക്ക് ഗോൾ നേടാനായില്ല. രണ്ടാംപാദ സെമി മേയ് എട്ടിന് നടക്കും.