തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തൽ. തൃശൂർ, മാവേലിക്കര എന്നി മണ്ഡലങ്ങളിൽ ജയം ഉറപ്പാണെന്നാണ് പാർട്ടി പ്രതീക്ഷ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാദ്ധ്യയുണ്ടെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. എൽഡിഎഫിന് 12 സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടൽ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 12 സീറ്റിൽ വിജയം ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടന്നെന്നാണ് യോഗം അഭിപ്രായപ്പെട്ടത്. കൂടാതെ വടകരയിൽ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കള്ളപ്രചാരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച് സമാധാനപൂര്‍ണമായാണ് കേരളത്തില്‍ പോളിംഗ് പൂര്‍ത്തിയാക്കിയതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാദ്ധ്യമങ്ങളും യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം കൂടി. ബി.ജെ.പി, യു.ഡി.എഫ്, മാദ്ധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. എല്‍.ഡി.എഫ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുന്നതാകും ജൂണ്‍ നാലിന് പുറത്തുവരുന്ന ഫലമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.