തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികളിൽ പലർക്കും അർഹതപ്പെട്ട സംവരണം നിഷേധിക്കുന്നതായി പരാതി. നോൺ ക്രിമിലെയർ മാനദണ്ഡം അട്ടിമറിച്ചാണിത്.
ക്രിമി ലെയർ നിർണയത്തിന് 8 ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ക്ളാസ് ഒന്ന്,രണ്ട് ഒഴികെയുള്ള തസ്തികകളിൽ ഉദ്യോഗസഥരായ മാതാപിതാക്കളുടെ ശമ്പളവും കൃഷി ഭൂമിയിൽ നിന്നുള്ള വരുമാനവും പരിഗണിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയിൽ
ഉയർന്ന സ്കോർ നേടുന്നവർക്കാണ് കേന്ദ്ര സർവകലാശാലകളിലും ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനം.
കാസർകോട്ടെ കേന്ദ്ര സർവകലാശാലയിലും, ഹൈദരാബാദിലെ ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലും സമർപ്പിച്ച ഒ.ബി.സിക്കാരുടെ അപേക്ഷകൾ നിരസിച്ചു. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയിൽ കവിഞ്ഞതിന്റെ പേരിലാണിത്. ക്ളാസ് മൂന്ന്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ മാതാപിതാക്കളുടെ കുട്ടികളാണിവർ. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സോഫ്റ്റ് വെയറിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് കാരണം.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി ഡോ.ആർ. ബിന്ദുവിന് ആൾ ഇന്ത്യ ബാക്ക്‌വേഡ് ക്ളാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ആർ.ജോഷി നിവേദനം സമർപ്പിച്ചു.
സത്യജിത്ത് റേ സാഹിത്യ
അവാർഡ് പ്രഭാവർമ്മയ്ക്ക്
തിരുവനന്തപുരം: സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത്ത് റേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സത്യജിത്ത് റേ സാഹിത്യ അവാർഡിന് പ്രഭാവർമ്മ അർഹനായി. സത്യജിത്ത് റേ പുരസ്കാരത്തിന് നടി ഷീലയും ഗുരുപൂജ അവർഡിന് നടൻ രാഘവനും അർഹനായി. മികച്ച കഥാചിത്രമായി മനോജ്.കെ.സേതു സംവിധാനം ചെയ്ത കൂത്തൂട്, കലാമൂല്യമുള്ള മികച്ച സിനിമയായി ഡോ.സന്തോഷ് സൗപർണിക സംവിധാനം ചെയ്ത ഭീമനർത്തകി, മികച്ച പരിസ്ഥിതി ചിത്രമായി ബിനോയ്.ജി.റസൽ സംവിധാനം ചെയ്ത ആദച്ചായി എന്നിവ തിരഞ്ഞെടുത്തു. മികച്ച ട്രാൻസ്ജെൻഡർ ചിത്രം ഡോ.ജെസി കൂന്തന്നൂർ സംവിധാനം ചെയ്ത നീതിർ ആണ്. 26ന് ഉച്ചയ്ക്ക് 3ന് എ.കെ.ജി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ബാലു കിരിയത്ത്, ഡോ.രാജാവാര്യർ, സുരേഷ് തിരുവല്ല, ഡോ.കവിത,രശ്മി ഷാജി,ഗീതാ വിനു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.