വിതുര: വനം സംരക്ഷണ സമിതി മുൻ അംഗത്തെ മർദ്ദിച്ച 2 വനപാലകർ ഉൾപ്പെടെ 3 പേർക്കെതിരെ വിതുര പൊലിസ് കേസെടുത്തു. വിതുര സെക്ഷൻ ഫോറസ്റ്ററും കല്ലാർ മീൻമുട്ടി വനം സംരക്ഷണ സമിതി സെക്രട്ടറിയുമായ മധു, ഫോറസ്റ്റ് ഫ്ലൈംയിംഗ് സ്ക്വാഡ് ഫോറസ്റ്റ് ഓഫീസർ അനിൽ ചന്ദ്രൻ, ഇവരുടെ സുഹൃത്തായ കല്ലാർ സ്വദേശിയും വന സംരക്ഷണ സമിതി പ്രസിഡന്റുമായ അജിൽ കുമാർ എന്നിവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. വനം സംരക്ഷണ സമിതി മുൻ അംഗമായ വിതുര കല്ലാർ രേഷ്മ ഭവനിൽ ടി.രാജു നൽകിയ പരാതിയിലാണ് നടപടി.ഇക്കഴിഞ്ഞ ഏപ്രിൽ 29ന് രാത്രി 7.30നായിരുന്നു കേസിനാസ്പദമായ സംഭവം.കല്ലാർ ജംഗ്ഷന് സമീപം പൂടയംകുന്നിൽവച്ച് രാജുവിനെ തടഞ്ഞു നിറുത്തി മർദ്ദിക്കുകയായിരുന്നു. വനം സംരക്ഷണ സമിതിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് രാജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വനംവകുപ്പ് സംരക്ഷിക്കുകയാണെന്നും പൊലീസ് അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാജു ആരോപിക്കുന്നു.