ഇംഫാൽ: മണിപ്പൂർ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. വ്യത്യസ്‌ത രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാൻ കുക്കി- മെയ്‌തി സംഘടനകൾ തീരുമാനിച്ചു. കുക്കി വിഭാഗം ഇന്ന് മരിച്ചുപോയവരുടെ ഓർമ്മയുടെയും ഉണർവിന്റെയും ദിനമായി ആചരിക്കും. എന്നാൽ അനധികൃത കുടിയേറ്റക്കാർ അവരുടെ ആക്രമണം ആരംഭിച്ച ദിവസം എന്ന തരത്തിലാണ് തങ്ങൾ ആചരിക്കുകയെന്ന് മെയ്‌തി സംഘടനകൾ അറിയിച്ചു. മെയ്‌തി സായുധ ഗ്രൂപ്പുകളായ അരംബായ് ടെങ്കോളും യു.എൻ.എൽ.എഫും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിൽ മെയ്‌തി വംശീയ ശുദ്ധീകരണം എന്ന പേരിൽ ഒരു പരിപാടി പ്രഖ്യാപിച്ചു. രാവിലെ പള്ളികളിൽ പ്രാർത്ഥനയും ശുശ്രൂഷയും കൊല്ലപ്പെട്ടവർക്ക് പുഷ്പാഞ്ജലിയും നൽകും.
മെയ്‌തി വിഭാഗത്തിലുള്ളവരെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച മണിപ്പൂർ കോടതി ഉത്തരവിനെത്തുടർന്ന് 2023 മേയ് മൂന്നിനാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 200ലധികം ആളുകളുടെ ജീവൻ അപഹരിച്ചു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ആയിരങ്ങൾ പലായനം ചെയ്യുകയോ ഭവനരഹിതരാകുകയോ ചെയ്‌തു.