ന്യൂഡല്‍ഹി: മെസ്സേജ് അയക്കുകയെന്നാല്‍ അത് വാട്‌സാപ്പ് ചെയ്യുക എന്നതാണ് ലോകത്തിലെ മൂന്ന് ബില്യണ്‍ സജീവ ഉപയോക്താക്കള്‍ അര്‍ത്ഥമാക്കുന്നത്. ലോകത്തെമ്പാടും ഇതാണ് വാട്‌സാപ്പ് ചെലുത്തുന്ന സ്വാധീനം. ഇന്ത്യയിലെ പോലെ തന്നെ നിരവധി രാജ്യങ്ങളില്‍ പക്ഷേ തട്ടിപ്പിനും വാട്‌സാപ്പ് ഉപയോഗിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു വസ്തുത. തട്ടിപ്പിന് മാത്രമല്ല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും വാട്‌സാപ്പ് ഉപയോഗിക്കപ്പെടുന്നു.
ഇപ്പോഴിതാ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ സംവിധാനവുമായി എത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. സ്പാം മെസേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍, യൂസര്‍മാരെ പുതിയ ചാറ്റില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്.
നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമായേക്കാം.
വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് WABetaInfo പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. പുതിയ ചാറ്റ് ആരംഭിക്കുന്നതില്‍ നിന്ന് യൂസര്‍ അക്കൗണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ഫീച്ചര്‍ പ്ലാറ്റ്ഫോം പരീക്ഷിക്കുന്നതായി WABetaInfo പറയുന്നു. ആപ്പിനുള്ളിലെ ചില ലംഘനങ്ങള്‍ക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനില്‍ക്കും.
വാട്ട്സ്ആപ്പ് ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും, WABetaInfo വിശദമായി പറയുന്നുണ്ട്. സ്പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബള്‍ക്ക് മെസേജിങ് അല്ലെങ്കില്‍ അവരുടെ സേവന നിബന്ധനകള്‍ ലംഘിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കില്ലെന്നും സ്വകാര്യതയെ മാനിക്കുമെന്നും വാട്‌സ്ആപ്പ് ഉറപ്പുനല്‍കുന്നുണ്ട്.