pic

വാഷിംഗ്ടൺ: യു.എസിലെ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരവേ കടുത്ത നടപടിയുമായി പൊലീസ്. പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ കൊളംബിയ സർവകലാശാലയിലും ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിലും ബുധനാഴ്ച പുലർച്ചെ പൊലീസ് ഇരച്ചുകയറി.

രണ്ട് ഇടങ്ങളിലുമായി തമ്പടിച്ച വിദ്യാർത്ഥികളുൾപ്പെടെയുള്ള 300ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്​റ്റു ചെയ്ത് നീക്കി. ചിലയിടത്തുണ്ടായ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. വിദ്യാർത്ഥികളല്ലാത്തവരും ക്യാമ്പസുകളിലെ പ്രതിഷേധങ്ങളിൽ കടന്നുകൂടിയതായി അധികൃതർ അറിയിച്ചു.

കൊളംബിയയിൽ പ്രതിഷേധക്കാർ കൈയടക്കിവച്ചിരുന്ന കെട്ടിടം പൊലീസ് ഒഴിപ്പിച്ചു. യേൽ, പോർട്ട്‌ലാൻഡ് സ്റ്റേറ്റ്, വിസ്‌കോൻസിൻ, ടെക്‌സസ് സർവകലാശാലകളിൽ പൊലീസ് പ്രതിഷേധക്കാർക്കെതിരെ കർശന നടപടി ആരംഭിച്ചു. ക്യാമ്പസുകളിൽ ടെന്റുകൾ കെട്ടി തമ്പടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ ഒഴിഞ്ഞുപോയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

ഇന്നലെ പുലർച്ചെ ലോസ് ആഞ്ചലസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ഇരച്ചുകയറിയ പൊലീസുകാർക്ക് നേരെ ശക്തിയേറിയ ലൈറ്റടിച്ചും മറ്റും വിദ്യാർത്ഥികൾ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇവിടെ ചൊവ്വാഴ്ച രാത്രി പ്രതിഷേധക്കാർ ഇസ്രയേൽ അനുകൂലികളുമായി ഏറ്റുമുട്ടിയിരുന്നു. വിദ്യാർത്ഥികളെ അനുനയിപ്പിക്കാൻ സർവകലാശാല അധികൃതർ സ്വന്തം നിലയ്ക്കും ചർച്ച തുടരുന്നുണ്ട്. വെർമോണ്ട്, നോർത്ത് വെസ്റ്റേൺ, ബ്രൗൺ സർവകലാശാലകളിൽ ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്.

ഇസ്രയേൽ അനുകൂല കമ്പനികളുമായുള്ള ബന്ധം സർവകലാശാലകൾ വിച്ഛേദിക്കണമെന്നും ഇവയുടെ ഫണ്ട് സ്വീകരിക്കരുതെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇസ്രയേൽ അനുകൂല സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുതെന്നും ആവശ്യമുണ്ട്. യു.എസിൽ പ്രതിഷേധിച്ച 1600ലേറെ പേരാണ് ഇതുവരെ അറസ്റ്റിലായത്.

 30ഓളം സർവകലാശാലകൾ

ഏപ്രിൽ 17ന് കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം ന്യൂയോർക്ക്, യേൽ, സതേൺ കാലിഫോർണിയ, ടെക്സസ് തുടങ്ങി യു.എസിലെ 30ഓളം സർവകലാശാലകളിലേക്ക് പടരുകയായിരുന്നു.

ഗാസ യുദ്ധത്തിനെതിരെ തുടങ്ങിയ പ്രതിഷേധങ്ങളോട് അഭിപ്രായ സ്വാതന്ത്ര്യം കണക്കിലെടുത്ത് അധികൃതർ ആദ്യം നടപടി സ്വീകരിക്കാൻ തയാറായില്ല. എന്നാൽ ഇതിനിടെ വ്യാപക ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നു.ജൂത വിരുദ്ധതയും വിദ്വേഷ പ്രസംഗവും പ്രതിഷേധ ക്യാമ്പുകളിൽ പ്രചരിക്കുന്നെന്ന ആരോപണം ഉയർന്നതോടെ അധികൃതർ പ്രതിരോധത്തിലായി.

ഇതിനിടെ ഇസ്രയേൽ അനുകൂലികളായ വിദ്യാർത്ഥികളും രംഗത്തെത്തിയതോടെ പ്രതിഷേധക്കാരെ നീക്കാൻ സർവകലാശാല അധികൃതർ പൊലീസ് ഇടപെടൽ തേടുകയായിരുന്നു.

-----------------

 പ്രതിഷേധ ക്യാമ്പുകൾ ഉടനടി നീക്കുക. പഠിക്കാൻ സുരക്ഷിതമായ ഇടം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ക്യാമ്പസിനെ തിരികെ കൊടുക്കണം.

- ഡൊണാൾഡ് ട്രംപ്, യു.എസ് മുൻ പ്രസിഡന്റ്

 ജോ ബൈഡൻ ഭരണകൂടം എല്ലാം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

കരീൻ ഷോൺ - പിയർ, വൈറ്റ്‌ഹൗസ് വക്താവ്

- ജോ ബൈഡൻ,​ യു.എസ് പ്രസിഡന്റ്