ഇന്ത്യയിൽ നിന്ന് ഇനി വെറും മൂന്ന് മണിക്കൂർ കൊണ്ട് ശ്രീലങ്കയിൽ എത്താം. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള കപ്പൽ സർവീസിന് മേയ് 13ന് തുടക്കമാകുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് ശ്രീലങ്കയിലെ ജാഫ്നയിലുള്ള കങ്കേശൻതുറയിലേക്കാണ് കപ്പൽ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ റൂട്ട് ഉദ്ഘാടനം ചെയ്തത്. കനത്ത മഴയെത്തുടർന്ന് ഈ സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരംഭിക്കാൻ പോകുന്നുവെന്നാണ് വിവരം.
ഈ കപ്പൽ മാർഗത്തിലൂടെ വെറും മൂന്ന് മണിക്കൂർ കൊണ്ട് ശ്രീലങ്കയിൽ എത്താം. ടിക്കറ്റ് നിരക്കും വളരെ കുറവാണ്. 5,000 രൂപയിൽ കൂടില്ല. ടിക്കറ്റ് ചാർജിനൊപ്പം ജിഎസ്‌ടിയും നൽകണം. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിന് പാസ്പോർട്ട് മാത്രം മതി. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലെെൻ ബുക്കിംഗും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കപ്പലിൽ ഒരേസമയം 150 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. കൂടാതെ 60 കിലോ വരെ ലഗേജ് ഫ്രീയായി കൊണ്ടുപോകാം. വിമാന യാത്രയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ശ്രീലങ്ക സന്ദർശിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. 'ശിവഗംഗ' കപ്പലാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തമിഴ്‌നാട് മാരീടെെം ബോർഡ് എന്നിവ സഹകരിച്ചാണ് സർവീസിന് തുടക്കമിടുന്നത്.