money

തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണിത്. നമ്മളില്‍ തന്നെ ഭൂരിഭാഗം ആളുകളും മൊബൈലിലെ ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളെയാണ് ചായക്കട മുതല്‍ ഷോപ്പിംഗ് മാളുകളില്‍ വരെ ഉപയോഗിക്കുന്നത്. എന്നാല്‍ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡിജിറ്റല്‍ പണമിടപാടുകളുടെ സ്വീകാര്യത വര്‍ദ്ധിക്കുമ്പോഴും എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് എ.ടി.എമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202324) 5.51 ശതമാനം വര്‍ധദ്ധന രേഖപ്പെടുത്തിയെന്ന് കാഷ് ലോജിസ്റ്റിക്സ് സ്ഥാപനമായ സി.എം.എസ് ഇന്‍ഫോസിസ്റ്റംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവാക്കലിനായി 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള ശരാശരി പിന്‍വലിക്കല്‍ 1.35 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ അത് 1.43 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന്റെ പ്രതിമാസ ശരാശരി വളര്‍ച്ചാനിരക്ക് 7.23 ശതമാനമായിരുന്നു. 2023-24ലെ 12 മാസങ്ങളില്‍ പത്തിലും നിരക്ക് ഇതിന് മുകളിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എ.ടി.എം പണം പിന്‍വലിക്കലില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയുടെ വാര്‍ഷിക ശരാശരി പണം പിന്‍വലിക്കല്‍ 1.83 കോടി രൂപയാണ്. 1.82 കോടി രൂപയുമായി ഡല്‍ഹി രണ്ടാമതും 1.62 കോടി രൂപയുമായി ബംഗാള്‍ മൂന്നാമതുമാണ്.

അതേസമയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ പിന്നിലാണ്. 2022-23ലെ ശരാശരി പണം പിന്‍വലിക്കല്‍ തുകയായ 1.34 കോടി രൂപയില്‍ നിന്ന് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം തുക 1.29 കോടി രൂപയായി കുറഞ്ഞു. മദ്ധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കുറഞ്ഞിട്ടുണ്ട്.