sim-card

ഇസ്ലാമാബാദ്: സജീവമായി ഉപയോഗിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം സിം കാര്‍ഡുകളാണ് ഒറ്റയടിക്ക് ബ്ലോക്ക് ചെയ്തത്. 2023ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കെതിരെയാണ് പാകിസ്ഥാനില്‍ നടപടി സ്വീകരിച്ചത്. ഫെഡറല്‍ ബോര്‍ഡ് ഒഫ് റവന്യു പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഫെഡറല്‍ ബോര്‍ഡിനോ ഇന്‍ലാന്‍ഡ് കമ്മിഷണര്‍ക്കോ മാത്രമാണ് സിം കാര്‍ഡുകള്‍ പുനസ്ഥാപിക്കാന്‍ കഴിയുക.

ഫെഡറല്‍ ബോര്‍ഡിന്റെ ഇന്‍കം ടാക്സ് ജനറല്‍ ഓര്‍ഡര്‍ മേയ് 15-ന് മുമ്പ് നടപ്പാക്കാന്‍ നേരത്തേ പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ ബോര്‍ഡിനും ടെലകോം ഓപ്പറേറ്റര്‍മാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏകദേശം 24 ലക്ഷത്തോളം നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നാണ് ഫെഡറല്‍ ബോര്‍ഡിന്റെ ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരില്‍ 5,06,671 പേരുടെ സിം കാര്‍ഡുകളാണ് ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി ഫെഡറല്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പുതിയ മാര്‍ഗമാണ് സിം കാര്‍ഡ് ബ്ലോക്കിങ്.