
സൺറൈസേഴ്സ് ഹൈദരാബാദ് 201/3
ഹെഡിനും (58) നിതീഷിനും (76) അർദ്ധസെഞ്ച്വറി
ഹൈദരാബാദ് : ജയിക്കാൻ രണ്ട് റൺസ് മാത്രം മതിയായിരുന്ന അവസാന പന്തിൽ റോവ്മാൻ പവൽ റൺഔട്ടായതോടെ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരായ ഐ.പി.എൽ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ഒരു റൺ തോൽവി.സീസണിലെ രണ്ടാമത്തെ മാത്രം തോൽവി വഴങ്ങിയ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.12 പോയിന്റുമായി ഹൈദരാബാദ് നാലാമതേക്ക് ഉയർന്നു.
ഇന്നലെ ടോസ് നേടി ആദ്യ ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുത്തത്. അർദ്ധസെഞ്ച്വറികൾ നേടിയ ട്രാവിസ് ഹെഡും (58) നിതീഷ് കുമാർ റെഡ്ഡിയും (76) 42 റൺസ് നേടിയ ഹെൻറിച്ച് ക്ളാസനും ചേർന്നാണ് സൺറൈസേഴ്സിനെ ഈ സ്കോറിലെത്തിച്ചത്. റിയാൻ പരാഗും (77), യശസ്വി ജയ്സ്വാളും (67) തകർത്തടിച്ചപ്പോൾ രാജസ്ഥാന് വിജയപ്രതീക്ഷയുർണന്നെങ്കിലും റോവ്മാൻ പവൽ അവസാന ഓവറിലെ അവസാന പന്തിൽ എൽ.ബിയിൽ കുരുങ്ങിയതോടെ വിധി മാറ്റിയെഴുതേണ്ടിവന്നു.
തുടക്കം മുതൽ ട്രാവിസ് ഹെഡ് അടിച്ചുതകർത്തപ്പോൾ അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേക് ശർമ്മയെ (12) സൺറൈസേഴ്സിന് നഷ്ടമായി. പകരമിറങ്ങിയ അൻമോൽ പ്രീത് സിംഗ് (5) ആറാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായി. ഇതോടെ ക്രീസിൽ ഒരുമിച്ച ഹെഡും നിതീഷും തകർത്തടിച്ചു. 44 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സും പായിച്ച ഹെഡ് മൂന്നാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തശേഷം 15-ാം ഓവറിലാണ് പുറത്തായത്. തുടർന്ന് ക്ളാസനും നിതീഷും കൂടി അവസാനം വരെ തകർത്താടി. 42 പന്തുകൾ നേരിട്ട നിതീഷ് പുറത്താകാതെ മൂന്ന് ഫോറും എട്ട് സിക്സുകളുമാണ് നേടിയത്.19 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പായിച്ചാണ് ക്ളാസൻ 42 റൺസിലെത്തിയത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ ഒരു റൺസിൽ വച്ച് രണ്ട് വിക്കറ്റുകൾ നഷ്ടമായി.രണ്ടാം പന്തിൽ ബട്ട്‌ലറെയും (0) അഞ്ചാം പന്തിൽ സഞ്ജു സാംസണിനെയും (0) ഭുവനേശ്വർ കുമാറാണ് മടക്കി അയച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച യശസ്വി ജയ്സ്വാളും (40 പന്തുകളിൽ ഏഴു ഫോറും രണ്ട് സിക്സമടക്കം 67 റൺസ്) റിയാൻ പരാഗും (49 പന്തുകളിൽ എട്ടുഫോറും നാലുസിക്സുമടക്കം 77 റൺസ്) ചേർന്ന് മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. 14-ാം ഓവറിൽ യശസ്വിയെ നടരാജനും 16-ാം ഓവറിൽ പരാഗിനെ കമ്മിൻസും പുറത്താക്കിയപ്പോഴേക്കും രാജസ്ഥാൻ വിജയത്തിന് അരികിലെത്തിയിരുന്നു. എന്നാൽ 18-ാം ഓവറിൽ നടരാജൻ ഹെറ്റ്മേയറെയും 19-ാം ഓവറിൽ കമ്മിൻസ് ധ്രുവ് ജുറേലിനെയും അവസാന ഓവറിൽ ഭുവനേശ്വർ പവലിനെയും പുറത്താക്കിയതോടെ വിജയം സൺറൈസേഴ്സിന് ഒപ്പമായി.
ഹെഡ് നോട്ടൗട്ടെന്ന് തേഡ് അമ്പയർ, വിവാദം
ഹൈദരാബാദ് ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ ട്രാവിസ് ഹെഡിനെ സഞ്ജു റൺഒൗട്ടാക്കിയെങ്കിലും മൂന്നാം അമ്പയർ ഒൗട്ട് വിധിക്കാതിരുന്നത് വിവാദത്തിന് ഇടയാക്കി. ആവേശ് ഖാന്റെ വൈഡ് പന്ത് വീശാൻ നോക്കിയ ഹെഡ് ബാലൻസ് തെറ്റി മുന്നോട്ടാഞ്ഞ് നിൽക്കുന്നത് കണ്ടാണ് സഞ്ജു വിക്കറ്റിന് പിന്നിൽ നിന്ന് സ്റ്റംപിലേക്ക് എറിഞ്ഞത്. പന്ത് സ്റ്റംപിൽ കൊള്ളുമ്പോൾ ഹെഡിന്റെ ബാറ്റ് വായുവിലായിരുന്നുവെന്ന് വീഡിയോയിൽ തെളിഞ്ഞിട്ടും തേഡ് അമ്പയർ രോഹൻ പണ്ഡിറ്റ് നോട്ടൗട്ട് വിധിച്ചതാണ് വിവാദമായത്. തീരുമാനത്തെ എതിർത്ത് രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര ഒഫിഷ്യൽസുമായി കയർത്ത് സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാൽ അമ്പയർ തീരുമാനം മാറ്റിയില്ല. അടുത്ത പന്തിൽ തന്നെ ഹെഡിനെ ബൗൾഡാക്കി ആവേശ് പകവീട്ടുകയും ചെയ്തു.