pic

വാഷിംഗ്ടൺ: വിദേശികളോടുള്ള വെറുപ്പും ഭയവും ( സീനോഫോബിയ ) ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടയിടുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ രാജ്യങ്ങൾക്ക് കുടിയേറ്റക്കാരെ വേണ്ട.

കുടിയേറ്റം യു.എസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തെന്നും ബൈഡൻ വാഷിംഗ്ടണിൽ ഏഷ്യൻ അമേരിക്കൻ, നേ​റ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ ഹെറി​റ്റേജ് മാസത്തോട് അനുബന്ധിച്ച പരിപാടിയിൽ പറഞ്ഞു.

നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബൈഡൻ എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പരോക്ഷമായി മറുപടി നൽകുകയായിരുന്നു.

കുടിയേറ്റ വിരുദ്ധ സമീപനമാണ് മുൻ പ്രസിഡന്റ് കൂടിയായ ട്രംപിനുള്ളത്. അധികാരത്തിലെത്തിയാൽ കുടിയേറ്റം നിയന്ത്രിക്കുമെന്നും അനധികൃത കുടിയേറ്റം തടയുമെന്നുമാണ് ട്രംപിന്റെ വാഗ്ദ്ധാനം. അതേ സമയം, യു.എസിൽ ഇന്ത്യൻ - അമേരിക്കൻ, ഹിസ്പാനിക്, ദക്ഷിണേഷ്യൻ വംശജർക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങൾ ഉയരുന്നതായാണ് കണക്ക്.