തിരുവനന്തപുരം: ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് ആറു വരെ അവധി പ്രഖ്യാപിച്ച് ഉത്തരവായതായി മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു.
ഈ ദിവസങ്ങളിൽ വകുപ്പിനു കീഴിലെ ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണം. എൻ.സി.സി, എൻ.എസ്.എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കണം. മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പരീക്ഷാഹാളുകളിലും വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.
ഉന്നത തരംഗ സാദ്ധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മേയ് 6 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല എന്ന് അധികൃതർ അറിയിച്ചു.