കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാരോപണം. രാജ്ഭവനിലെ രണ്ട് താത്കാലിക ജീവനക്കാരികൾ കൽക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിവരം സാഗരിക ഘോഷ് എം.പി അടക്കമുള്ള തൃണമൂൽ നേതാക്കളാണ് പുറത്തുവിട്ടത്.
അതേസമയം ആരോപണം ആനന്ദബോസ് നിഷേധിച്ചു. സത്യം ജയിക്കുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണം തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ നിർവീര്യമാക്കില്ലെന്നും ആനന്ദ ബോസ് പ്രതികരിച്ചു. രാജ്ഭവൻ ജീവനക്കാർ ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ സംസ്ഥാന മന്ത്രി ചന്ദ്രിമ ഭട്ട ചാര്യയ്ക്ക് രാജ്ഭവനിൽ വിലക്കേർപ്പെടുത്തി. വ്യാജ ആരോപണങ്ങളുടെ പേരിലാണ് നടപടി. മന്ത്രി പങ്കെടുക്കുന്ന ചടങ്ങുകൾ ഗവർണർ ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. .