ഹൈദരാബാദ്: ആവേശം അവസാന പന്തുവരെ നീണ്ട് നിന്ന മത്സരത്തില്‍ ഒരു റണ്ണിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റോവ്മാന്‍ പവല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അവസാന മൂന്ന് ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ വെറും 27 റണ്‍സ് മാത്രം മതിയായിരുന്നുവെങ്കിലും രാജസ്ഥാന് സീസണിലെ രണ്ടാം തോല്‍വി വഴങ്ങാനായിരുന്നു യോഗം.
18, 19, 20 ഓവറുകള്‍ എറിഞ്ഞ ടി നടരാജന്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, അവസാന ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. മൂന്നുപേരും ഈ ഓവറുകളില്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു.
സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 201-3 (20), രാജസ്ഥാന്‍ റോയല്‍സ് 200-7 (20)
വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ 0(1) ആദ്യ പന്തില്‍ പുറത്തായി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും 0(3) പെട്ടെന്ന് മടങ്ങി. ഭുവിയാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ യശ്വസി ജയ്‌സ്‌വാള്‍ 67(40), റിയാന്‍ പരാഗ് 77(49) എന്നിവര്‍ മൂന്നാം വിക്കറ്റില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രാജസ്ഥാന്‍ അനായാസ ജയം പ്രതീക്ഷിച്ചു.
ഇരുവരും പുറത്താകുമ്പോള്‍ 25 പന്തില്‍ വെറും 43 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ ആവശ്യം. എന്നാല്‍ ഷിംറോണ്‍ ഹെറ്റ്മയര്‍ 13(9), റോവ്മാന്‍ പവല്‍ 27(15), ദ്രുവ് ജൂരല്‍ 1(3) എന്നിവര്‍ക്ക് ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. രവിചന്ദ്രന്‍ അശ്വിന്‍ 2*(2) പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടി നടരാജന്‍, പാറ്റ് ക്മ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സിഎസ്‌കെയെ പിന്തള്ളി സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. രാജസ്ഥാന്‍ ഒന്നാമത് തുടരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ 12(10) അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ നഷ്ടമായി. മൂന്നാമനായി എത്തിയ അന്‍മോല്‍പ്രീത് സിംഗ് 5(5) പെട്ടെന്ന് പുറത്തായി. പിന്നീട് വന്ന നിതീഷ് കുമാര്‍ റെഡ്ഡി 76*(42) ട്രാവിസ് ഹെഡ് 58(44) സഖ്യം ടീമിനെ 14.4 ഓവറില്‍ 131 എന്ന സ്‌കോറിലെത്തിച്ച ശേഷമാണ് പിരിഞ്ഞത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെയ്ന്റിച്ച് ക്ലാസന്‍ 42*(19) നിതീഷിനൊപ്പം സ്‌കോര്‍ 200 കടത്തി. രാജസ്ഥാനമായി ആവേശ് ഖാന്‍ രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.