d

കൊച്ചി: ചൂടിനൊപ്പം കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു. കത്തുന്ന ചൂടും ഉഷ്ണതരംഗ സാദ്ധ്യതയും മുതലെടുത്താണ് കുക്കുമ്പറും (സലാഡ് വെള്ളരി) ചെറുനാരങ്ങയും വിപണിയിൽ 'വിലകൂടിയ' താരമാകുന്നത്.

കിലോക്ക് 20-30 രൂപവരെ വിലയുണ്ടായിരുന്ന കുക്കുമ്പറിന് 60രൂപയും നൂറിൽ താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയുമാണ് എറണാകുളം മാർക്കറ്റിലെ മൊത്ത വില. നഗരപരിധി കടന്നാൽ ചെറുനാരങ്ങയുടെ ചില്ലറ വില്പന 200ന് മുകളിലാണ്. നാരങ്ങാവെള്ളവും സലാഡും ചൂടിനെ പ്രതിരോധിക്കാൻ ഉത്തമമാണെന്നത് ഈ രണ്ട് ഫലവർഗങ്ങളുടേയും ഡിമാന്റ് വർദ്ധിപ്പിക്കുന്നു. തമിഴ്നാട്ടിലും കടുത്ത ചൂടായതിനാൽ ഉത്പാദനം കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നത്.

ബീൻസിനും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 140 രൂപയിലെത്തിയതോടെ ഉപഭോക്താക്കൾ ബീൻസിനെ കൈവിട്ടു. പയർ വർഗങ്ങളിൽ ബീൻസിനോട് കിടപിടിക്കാൻ കെൽപ്പുള്ള കൊത്തമരക്ക് 40 രൂപയേയുള്ളൂ എന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. അച്ചിങ്ങ, വെണ്ട, പീച്ചിങ്ങ എന്നിവയാണ് വിലകൂടിയ ഇനങ്ങൾ. അച്ചിങ്ങയും വെണ്ടയും 30 ൽ നിന്ന് 60 രൂപയിലേക്ക് ഉയർന്നു. പീച്ചിങ്ങയ്ക്ക് 80രൂപയാണ് ഇന്നലത്തെ വില. തക്കാളി (40), കാബേജ് (50), പടവലം (50), മുരിങ്ങ (40), പച്ചമാങ്ങ (40), പാവയ്ക്ക (80-100) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.

മുമ്പ് കുറുപ്പന്തറ, മുട്ടിയറ, ഓണക്കൂർ, തലയോലപ്പറമ്പ് മേഖലയിൽ നിന്ന് ആവശ്യത്തിന് നാടൻ പാവയ്ക്ക എറണാകുളം വിപണിയിൽ എത്തിയിരുന്നു. അതുപോലും പഴങ്കഥയായി. പച്ചക്കറി കൃഷിവികസനത്തിന് എന്ന പേരിൽ വർഷംതോറും കോടികൾ ചെലവഴിച്ചിട്ടും കേരളത്തിന്റെ മണ്ണിൽ വിളയുന്ന പച്ചക്കറികളൊന്നും എറണാകുളം മാർക്കറ്റിൽ എത്തുന്നില്ല. ആകെയുള്ളത് തൃശൂർ മേഖലയിൽ നിന്നുള്ള കൂർക്ക മാത്രമാണ്.

പച്ചക്കറിയും പഴവർഗങ്ങളും മുതൽ സകല നിത്യോപയോഗ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് അയൽ സംസ്ഥാനത്ത് മഴ പെയ്താലും വെയിൽ കടുത്താലും വില നൽകേണ്ടിവരുന്നത് കേരളമാണ്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനത്തെ വ്യാപാരികൾക്കും ഇടനിലക്കാർക്കും ഏത് സാഹചര്യവും വിദഗ്ദ്ധമായി മുതലെടുക്കുന്നു