d

മുതലമട: മാമ്പഴ ഉത്പാദനത്തിൽ ലോക പ്രശസ്തമായ മുതലമടയ്ക്ക് ഇക്കുറിയും മധുരമില്ലാത്ത മാമ്പഴക്കാലം. മാങ്ങ ഉത്പാദനം കുറഞ്ഞതും വിപണിയിലെ വിലയിടിവും പ്രതികൂല കാലാവസ്ഥയും കീടങ്ങളുടെ ആക്രമണവുമാണ് കർഷകർക്ക് തിരിച്ചടിയായത്. മഴ തുടങ്ങുന്നതോടെ ഈ സീസൺ അവസാനിക്കുമെന്നതിനാൽ ഇത്തവണ ഇനി വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നും ഇവർ പറയുന്നു. തുടർച്ചയായ അഞ്ചാം വർഷമാണ് മാങ്ങ കർഷകർ വൻ നഷ്ടം നേരിടുന്നത്. ആദ്യകാലങ്ങളിൽ ഉത്തരേന്ത്യയിലെ മാങ്ങ ഏജന്റുമാർ മുതലമടയിലെ കർഷകരെ ആശ്രയിച്ചാണ് മാങ്ങാ കച്ചവടം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഉത്തരേന്ത്യക്കാർ മുതലമടയിൽ എത്തി മാങ്ങ കൃഷി ചെയ്ത് നേരിട്ട് വിപണിയിൽ എത്തിക്കാൻ തുടങ്ങിയതോടെ വിപണി നിയന്ത്രണവും അവർ കൈക്കലാക്കി.

150-200 ടൺ മാങ്ങയാണ് കോവിഡിന് മുൻപ് വരെ ദിവസേന മുതലമടയിൽ നിന്ന് ഉത്തരേന്ത്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. ഇപ്രാവശ്യം ഉത്പാദനം ഇതിന്റെ 10% പോലുമില്ല. ആദ്യ വിളവെടുപ്പ് തുടങ്ങുന്ന ജനുവരിയിൽ തുടങ്ങി ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിന് അടുത്ത് മാത്രമാണ് വിളവ്. പല ഷെഡുകളും ഗോഡൗണുകളും ഇപ്പോൾ കാലിയായ സ്ഥിതിയിലാണ്.

180 ൽ അധികം മാങ്ങ സംഭരണ കേന്ദ്രങ്ങളും 25 ലധികം കയറ്റുമതി കേന്ദ്രങ്ങളും ആയിരത്തിലധികം കർഷകരും അയ്യായിരത്തോളം തൊഴിലാളികളും മുതലമടയിൽ ഉണ്ട്. മിക്ക കർഷകരും ലക്ഷക്കണക്കിനു രൂപ മുടക്കി മാന്തോപ്പുകൾ പാട്ടത്തിന് എടുത്താണ് കൃഷി ചെയ്യുന്നത്.

5000 ഹെക്ടറിൽ അതിർത്തി പ്രദേശമായ പറമ്പിക്കുളം, ചമ്മണാപതി മുതൽ എലവഞ്ചേരി വരെയാണ് മുതലമടയിൽ മാങ്ങ കൃഷി വ്യാപിച്ചു കിടക്കുന്നത്. നല്ല ഉത്പാദനം നടക്കുമ്പോൾ മുതലമട മാത്രം കേന്ദ്രീകരിച്ച് 700 കോടിയോളം രൂപയുടെ വിറ്റ് വരവ് ഉണ്ടാകാറുണ്ട്. തുടർച്ചയായ അഞ്ചാം വർഷവും മാങ്ങ കൃഷി നഷ്ടത്തിൽ ആയതിനാൽ പലരും കായ്ഫലം ഇല്ലാത്ത മാവുകൾ മുറിച്ചുമാറ്റി തെങ്ങും കവുങ്ങും നട്ടു തുടങ്ങിയിട്ടുണ്ട്.

'സീസണിൽ പ്രതിദിനം ഡൽഹി, അഹമ്മദാബാദ്, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയിടങ്ങളിലേക്ക് 15ലധികം ലോറികളിൽ മാങ്ങ കയറ്റി വിട്ടിട്ടുണ്ടെന്ന് ഉത്തരേന്ത്യൻ വ്യാപാരി അഹമ്മദാബാദിൽ നിന്നുള്ള രാജേഷ് പറയുന്നു. നിലവിലെ സ്ഥിതിയിൽ രണ്ടുദിവസം കൂടുമ്പോഴാണ് രണ്ട് ലോറി മാങ്ങ കയറ്റിവിടുന്നത്. മാങ്ങയുടെ നിറവും ഗുണവും നഷ്ടപ്പെട്ട നിലയിലാണ് മുതലമട മാങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തുന്നത്. ഇത് വിലയെ സാരമായി ബാധിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയതോടെയാണ് മുതലമട മാങ്ങ ലോക ശ്രദ്ധ നേടിയതെന്ന് മുതലമടയിലെ മാങ്ങാ കയറ്റുമതി വ്യാപാരി കൃഷ്ണലാൽ സ്രാമ്പിച്ചള്ള പറഞ്ഞു. എന്നാൽ നിലവിൽ മാങ്ങയുടെ ഗുണനിലവാരം വളരെ മോശമാണ്. അതിനാൽ കയറ്റുമതിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. കച്ചവടം വൻ നഷ്ടത്തിലാണ്.