ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ ഹൈവേ തകർന്ന് 48 മരണം. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.10നായിരുന്നു മെയ്‌ഷൂ സിറ്റിയിൽ നിന്ന് ഡാബു കൗണ്ടിയിലേക്ക് പോകുന്ന റോഡ് ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്. 20ലേറെ വാഹനങ്ങൾ റോഡിൽ രൂപപ്പെട്ട 59 അടി നീളത്തിലെ വിള്ളലിലും സമീപത്തെ കുത്തനെയുള്ള ചരിവിലേക്കും വീണു. ചില വാഹനങ്ങൾക്ക് തീപിടിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്. ഗ്വാങ്ഡോങിന്റെ മദ്ധ്യ, കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 600 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടിയാണിത്. തെക്കൻ ചൈനയിൽ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.