ബാങ്കോക്ക് : അതിശക്തമായ ചൂടാണ് ഏഷ്യയിലുടനീളം അനുഭവപ്പെടുന്നത്. ഉഷ്ണതരംഗം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ് കഠിനമായ ഈ അവസ്ഥയ്ക്ക് കാരണമായി ഗവേഷകർ വിരൽ ചൂണ്ടുന്നത്.
മഴ പെയ്യാനും ചൂട് കുറയാനുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ മദ്ധ്യ തായ്‌ലൻഡിലെ നഖോൻ സാവൻ പ്രവിശ്യയിലെ ഫായുഹ ഖിരി എന്ന ജില്ലയിലെ ജനങ്ങൾ മഴ പെയ്യിക്കാൻ നടത്തിയ ഒരു ആചാരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പെൺ പൂച്ചയെ കൂട്ടിലാക്കി ഘോഷയാത്ര നടത്തുന്ന ആചാരമാണ് മഴയ്ക്കായി പ്രദേശവാസികൾ ചെയ്യാറുള്ളത്. ഇക്കൊല്ലം മാസങ്ങളായി ഇവിടെ മഴ കണ്ടിട്ട്. അതിനാൽ ഇത്തവണത്തെ ഘോഷയാത്രയും ജനങ്ങൾ വ്യത്യസ്തമാക്കി. ജാപ്പനീസ് കാർട്ടൂൺ കഥാപാത്രമായ ' ഡോറെമോൻ' പാവയെ ആണ് ഇവർ കൂട്ടിലാക്കി ഘോഷയാത്ര നടത്തിയത്. ആൺ റോബോട്ടിക് പൂച്ചയാണ് ശരിക്കും ഡോറെമോൻ കഥാപാത്രം.
ഹലോ കിറ്റി പാവകളെയും ഘോഷയാത്രകൾക്ക് ഉപയോഗിച്ചു. വർണാഭമായ വസ്ത്രങ്ങൾ ധരിച്ച ആൾക്കൂട്ടം പൂച്ചയെ അടച്ച കൂടുമായി നാടുചുറ്റുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്നവർ പൂച്ചയ്ക്ക് നേരെ വെള്ളം കുടയും.
പൂച്ചകൾക്ക് വെള്ളം അത്ര ഇഷ്ടമല്ല. ശരീരം നനയുന്നതോടെ പൂച്ചകൾ കരഞ്ഞ് മഴ പെയ്യിപ്പിക്കുമെന്നാണ് ഇവരുടെ വിശ്വാസം. പൂച്ച ഉപദ്രവിക്കപ്പെടാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് ഇത്തവണ പാവയെ ഉപയോഗിച്ചത്.
മഴയില്ലാതെ കടുത്ത ചൂടിലൂടെയാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡ് കടന്നുപോകുന്നത്. ഇന്നലെ പലയിടത്തും 41 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.