dead-body

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാനഗറിൽ ഒരുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തി. ഇന്നുരാവിലെ എട്ടുമണിയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് കൊറിയർ കവറിലാക്കിയശേഷം കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നതാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ഫ്ളാറ്റിൽനിന്ന് ഒരു പൊതി താഴേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

രാവിലെ എട്ടുമണിയോടെയാണ് ഒരു പൊതി റോഡിൽ വീണത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ ഇക്കാര്യം ശുചീകരണ തൊഴിലാളികളെ അറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആരാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഇത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

kochi

21 ഫ്ളാറ്റുകളാണ് സമുച്ചയത്തിൽ ഉള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ അടുത്തിടെയൊന്നും താമസക്കാർ എത്തിയിരുന്നില്ലെന്നാണ് സമീപത്തെ ഫ്ളാറ്റിലുള്ളവർ പൊലീസിനെ അറിയിച്ചത്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ താമസക്കാരുടെയും കാവൽക്കാരുടെയും ശ്രദ്ധയിൽപ്പെടാതെ മറ്റാരെങ്കിലും സമുച്ചയത്തിൽ എത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഫ്ളാറ്റിൽ ഗർഭിണികൾ ആരും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആശാവർക്കറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.