coconut-farming

തൃശൂർ: നാളികേരം പൊതിക്കുന്ന യന്ത്രത്തിന് കേരള കാർഷിക സർവകലാശാല പേറ്റന്റ് നേടി. സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. പി.ആർ. ജയൻ, ഡോ. സി.പി. മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ അനു ശരത് ചന്ദ്രൻ, റിസർച്ച് അസിസ്റ്റന്റ് കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ.
കാര്യക്ഷമമായ നാളികേര സംസ്‌കരണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷനറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് യന്ത്രത്തിന്റെ പ്രധാന ഭാഗം.

പ്രവർത്തനം

തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാം. യന്ത്രത്തിൽ നിന്നും പുറത്തുവരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാം. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്‌കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും.

വില 50,000
50000 രൂപ വില വരുന്ന യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതിക വിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഉപകരണം നാളികേര സംസ്‌കരണ രംഗത്തെ കാര്യക്ഷമതയും ഉത്പാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകുമെന്ന് അധികൃതർ അവകാശപ്പെട്ടു.