k

ഗാസയിൽ നിന്ന് ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു കഴിഞ്ഞ ഒക്ടോബർ ഏഴിനു നടന്നത്. ഞെട്ടിത്തരിച്ച ഇസ്രയേൽ ഹമാസിനെ ഭസ്മമാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പ്രത്യാക്രമണം ഏഴു മാസം പിന്നിടുകയാണ്. ഹമാസ് ഇപ്പോഴും പൊരുതുകയാണ്. താത്കാലിക വെടിനിറുത്തലിലേക്ക് നീങ്ങാൻ ഇസ്രയേൽ നിർബന്ധിതമായി. ഹമാസിന്റെ ആക്രമണത്തിനും പോരാട്ടത്തിനും അതിജീവനത്തിനും കരുത്തു പകർന്ന് കാണാമറയത്തു നിൽക്കുന്ന നേതാക്കൾ ആരെല്ലാമാണ്. ഇത് ഹമാസിന്റെ രാഷ്‌ട്രീയ,​ സൈനിക ബുദ്ധികേന്ദ്രങ്ങളുടെ കഥയാണ്!

ഇസ്‌മായിൽ

ഹാനിയെ

ഹമാസിന്റെ പരമോന്നത നേതാവ്. ഹമാസിന്റെ പൊളിറ്റ് ബ്യൂറോ ചെയർമാൻ. 62 വയസ്. 2016 മുതൽ താമസം ഖത്തറിൽ. 1962ൽ ഗാസയിലെ അൽ ഷാതി അഭയാർത്ഥി ക്യാമ്പിൽ ജനിച്ച് ഹമാസിലൂടെ ഇസ്രയേലിന്റെ പേടിസ്വപ്നമായി വളർന്ന പോരാളി. അറബിക് സാഹിത്യത്തിൽ ബിരുദം.1987ൽ ഗാസ ഇസ്ലാമിക സർവകലാശാലയിൽ പഠിക്കുമ്പോൾ ഹമാസിലേക്ക്. 1989ൽ ഒന്നാം ഇന്തിഫാദ (പലസ്തീൻ പ്രക്ഷോഭം) അടിച്ചമർത്തിയപ്പോൾ ഇസ്രയേൽ ഹാനിയെയെ തടവിലാക്കി. മൂന്നു വർഷം ജയിലിൽ. 1992ൽ നിരവധി ഹമാസ് നേതാക്കൾക്കൊപ്പം ഇസ്രയേൽ - ലെബനൺ അതിർത്തിയിലേക്ക് നാടുകടത്തി.

ഒരു വർഷത്തിനു ശേഷം ഗാസയിൽ തിരിച്ചെത്തി. 1997ൽ ഹമാസിന്റെ ഓഫീസ് മേധാവി. 2006ലെ പലസ്തീൻ ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഹമാസിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇസ്മായിൽ ഹാനിയെ പ്രധാനമന്ത്രിയായി. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാർട്ടിയും ഹമാസുമായുള്ള സംഘർഷം രൂക്ഷമായതോടെ 2007ൽ ഹാനിയെയെ അബ്ബാസ് പുറത്താക്കി. 2017ൽ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ ചെയർമാനായി. 2018ൽ അമേരിക്ക ഹാനിയെയെ ഭീകരനായി പ്രഖ്യാപിച്ചു. 13 മക്കൾ. മൂന്നു പേർ മരിച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ .

g

ചാര രാജൻ

യഹ്യ സിൻവർ

ഗാസ മുനമ്പിലെ ഹമാസ് പ്രക്ഷോഭങ്ങളുടെ നേതാവ്. 1962ൽ ജനനം. വയസ് 62. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ മജ്ദിന്റെ സ്ഥാപകൻ. ഇസ്രയേലിന്റെ ചാരന്മാരെയും ഇന്റലിജൻസ്, സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടെത്തുകയും പിന്തുടരുകയുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല. മൂന്നു തവണ ഇസ്രയേൽ അറസ്റ്റ് ചെയ്‌തു. 1988ൽ അറസ്റ്റിലായപ്പോൾ നാല് ജീവപര്യന്തമാണ് ശിക്ഷിക്കപ്പെട്ടത്.

അഞ്ചു വർഷമായി തടവിലാക്കിയിരുന്ന ഇസ്രയേൽ ഭടനെ വച്ച് ഹമാസ് വിലപേശി. അയാൾക്കു പകരമായി യഹ്യ സിൻവർ ഉൾപ്പെടെ 1027 പാലസ്തീൻ,​ അറബ് തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. തിരിച്ചെത്തിയ സിൻവർ വീണ്ടും ഹമാസിന്റെ പ്രമുഖ നേതാവായി. 2017ൽ ഗാസയിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവിയായി. 2015ൽ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

z

നവജന്മമുള്ള

മുഹമ്മദ് ദയീഫ്

ഇസ്രയേലിന്റെ ഏഴ് വധശ്രമങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് ദയീഫ് ഒൻപത് ജന്മമുള്ള പൂച്ചയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പങ്കാളി. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് - അൽ ദിൻ അൽ - ഖാസം ബ്രിഗേഡിന്റെ തലവൻ. 1989ൽ ഇസ്രയേൽ തടവിലാക്കി. അതിനു ശേഷമാണ് അൽ ഖാസം ബ്രിഗേഡ് സ്ഥാപിക്കുന്നത്. ഇസ്രയേൽ പട്ടാളക്കാരെ തടവിലാക്കുകയായിരുന്നു ലക്ഷ്യം. ജയിൽ മോചിതനായശേഷം ഗാസയിൽ നിന്ന് ഇസ്രയേലിൽ എത്താനുള്ള തുരങ്കങ്ങളുടെ നിർമ്മാണം സജീവമാക്കി.

മൂന്ന് ഇസ്രയേൽ ഭടന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ചതും,​ ബസിൽ ബോംബു വച്ച് ഇസ്രയേലികളെ കൊലപ്പെടുത്തിയതും ഉൾപ്പെടെ 90കളിൽ നടത്തിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ. 2000ൽ ഇസ്രയേൽ തടവിലാക്കിയെങ്കിലും രണ്ടാം പലസ്തീൻ പ്രക്ഷോഭത്തിന്റെ തുടക്കത്തിൽ രക്ഷപ്പെട്ടു. അതിനു ശേഷം അജ്ഞാതവാസത്തിൽ. 2002ലെ വധശ്രമത്തിൽ ദയീഫിന്റെ ഒരു കണ്ണും ഒരു കാലും സംസാരശേഷിയും നഷ്ടമായെന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു വധശ്രമത്തിൽ ദയീഫിന്റെ ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു.

k

മരണം കടന്ന്

മർവൻ ഇസാ

മുഹമ്മദ് ദെയിഫിന്റെ വലംകൈ. അൽ ഖാസം ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡർ. മാർച്ചിൽ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇസാ കൊല്ലപ്പെട്ടെന്ന് അമേരിക്ക പറഞ്ഞെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. 2006ൽ ഇസ്രയേലിന്റെ വധശ്രമത്തിൽ പരിക്കേറ്റിരുന്നു. ഒന്നാം ഇന്തിഫാദ കാലത്ത് അഞ്ചുവർഷം ഇസ്രയേൽ തടവിലിട്ടു. 1997ൽ പലസ്തീൻ അതോറിറ്റി അറസ്റ്റ് ചെയ്തു. 2000ൽ മോചിപ്പിച്ചു. 2014,​ 2021 വർഷങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങളുടെ ആക്രമണത്തിൽ വീട് തകരുകയും സഹോദരൻ കൊല്ലപ്പെടുകയും ചെയ്തു.

d

പുനർജ്ജനിച്ച

ഖലീദ് മേഷാൽ

ഹമാസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ. ഹമാസിന്റെ വിദേശ സെല്ലിന്റെ തലവൻ. താമസം ഖത്തറിൽ. 1956ൽ വെസ്റ്റ് ബാങ്കിൽ ജനനം. ഇസ്രയേലിന്റെ നോട്ടപ്പുള്ളികളിൽ പ്രധാനി. 1997ൽ ജോർദ്ദനിൽവച്ച് വധശ്രമം. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് അയച്ച മൊസാദ് ചാരന്മാർ വ്യാജ കനേഡിയൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് ജോർദ്ദാനിൽ എത്തി. തെരുവിലൂടെ നടന്നു പോയ മേഷാലിന്റെ ശരീരത്തിൽ വിഷം കുത്തിവച്ചു.

വധശ്രമം കണ്ടെത്തിയ ജോർദ്ദാൻ അധികൃതർ രണ്ട് മൊസാദ് ചാരന്മാരെ അറസ്റ്റ് ചെയ്‌തു. ജോർദ്ദാനിലെ ഹുസൈൻ രാജാവ് നേരിട്ട് ഇടപെട്ടു. കുത്തിവച്ച വിഷത്തിന്റെ പ്രത്യൗഷധം എത്തിക്കാൻ അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും അമേരിക്കയും സമ്മർദ്ദം ചെലുത്തിയപ്പോൾ മനസില്ലാ മനസോട നെതന്യാഹു മരുന്ന് എത്തിക്കുകയും മേഷാൽ രക്ഷപ്പെടുകയുമായിരുന്നു.

x

തന്ത്രങ്ങളുടെ

മഹ്‌മൂദ് സഹർ

1945ൽ ഗാസയിൽ ജനനം. ഹമാസിന്റെ രാഷ്‌ട്രീയ തന്ത്രങ്ങളുടെ നേതൃനിരയിൽ പ്രമുഖൻ. ഡോക്‌ടറാണ്. ഗാസയിലും ഖാൻ യൂനിസിലും സേവനം. രാഷ്‌ട്രീയ കാരണങ്ങളാൽ പിരിച്ചുവിട്ടു. 1988ൽ ഇസ്രയേൽ തടവിലാക്കി. 1992ൽ നാടുകടത്തി. 2006ൽ ഹമാസ് തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ പ്രധാനമന്ത്രി ഇസ്മായിൽ ഹാനിയെയുടെ ഗവൺമെന്റിൽ വിദേശ മന്ത്രിയായി. 2003ൽ ഇസ്രയേലിന്റെ വധശ്രമം. ഗാസയിലെ സഹറിന്റെ വീട്ടിൽ ഇസ്രയേൽ വിമാനം ബോംബിട്ടു. സഹർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂത്ത മകൻ ഖാലിദ് കൊല്ലപ്പെട്ടു. അൽ ഖാസം ബ്രിഗേഡ് പോരാളിയായിരുന്ന ഇളയമകൻ ഹോസാം 2008ൽ ഇസ്രയേൽ വ്യമാക്രമണത്തിൽ കൊല്ലപ്പെട്ടു.