കോഴിക്കോട്: കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇറച്ചി വില വർദ്ധിപ്പിക്കാൻ വ്യാപാരികൾ. ഓൾകേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതൽ വില വർദ്ധനവ് നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയ ഉദ്ഘാടനം ചെയ്തു.
കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വില വർദ്ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്. തുകൽ, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വർദ്ധിപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൾ ഗഫൂർ സ്വാഗതവും അഷ്റഫ് കടലുണ്ടി നന്ദിയും പറഞ്ഞു.
കോതിയിൽ നാശോന്മുഖമായി കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോർപ്പറേഷൻ അധികാരികൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുന്നിൽ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക നിലപാട് തുടരുന്ന പക്ഷം സമര പരിപാടികൾ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.