signal

കോഴിക്കോട് : ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്‌നലിൽ ചുവപ്പ് തെളിയുമ്പോൾ ഇടതുഭാഗത്തേക്ക് തടസമില്ലാതെ കടന്നുപോകാവുന്ന സൗകര്യം ഇതര വാഹനങ്ങൾ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം.

ഇത്തരത്തിൽ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിൽ വ്യക്തമാക്കി. കോഴിക്കോട് ആർ.ടി.ഒയും സിറ്റി പൊലീസ് കമ്മിഷണറും ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണം.മേയ് 17 ന്‌കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

എരഞ്ഞിപ്പാലം, കാരപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യൻ കോളേജ് ,ചേവരമ്പലം , പുതിയറ , മാവൂർ റോഡ് തുടങ്ങിയ ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റിൽ ചുവപ്പ് തെളിയുമ്പോൾ ചില വാഹനങ്ങൾ ഇടതു ഭാഗം ചേർത്തു നിർത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. ഇക്കാരണത്താൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഇരുചക്ര വാഹന യാത്രക്കാർ പെട്ടുപോകുന്നു. ജംഗ്ഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സിവിൽ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഇടതുവശം ചേർത്ത് നിർത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തിൽ എല്ലാ ജംഗ്ഷനുകളിലും നിയമ ലംഘനം നടക്കുന്നുവെന്നാണ് പരാതി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വൃദ്ധൻ ഓടയിൽ വീണതിലും നടപടി

താൽക്കാലികമായി അടച്ച പ്ലൈവുഡ് ഷീറ്റ് പൊട്ടി വൃദ്ധൻ ഓടയിൽ വീണ സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. നടപ്പാതകൾ അപകട രഹിതമായി സൂക്ഷിക്കുന്ന കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് ഗുരുതര ക്യത്യ വിലോപമുണ്ടെന്ന് ആക്ടിംഗ് ചെയർപേഴ്‌സൺ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.കോഴിക്കോട്‌ കോർപ്പറേഷൻ സെക്രട്ടറി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ്‌ മേയ് 17 ന്‌കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.മാവൂർ റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള നടപ്പാതയിലെ പ്ലൈവുഡ് പൊട്ടിയാണ് വയോധികൻ വീണത്. നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.