baby

മുംബയ്: മകൾക്ക് ജനിച്ച കുഞ്ഞിനെ വിറ്റ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 17കാരിയായ പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിനെയാണ് മാതാപിതാക്കൾ വിറ്റത്. സംഭവത്തിൽ 16 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കൂടുതൽ പ്രതികൾ പിടിയിലായത്.

2021ലാണ് പെൺകുട്ടി അന്യജാതിയിൽപ്പെട്ട യുവാവിൽ നിന്നും ഗർഭം ധരിക്കുന്നത്. നാലാം മാസത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇവർ കൂടുതൽ സഹായത്തിനായി പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ പ്രധാന അദ്ധ്യാപകനെയും ഒരു പൊതു പ്രവർത്തകനെയും സമീപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പരിശോധനകൾക്കായി മാതാപിതാക്കൾ എത്തിച്ചത്. താൻ ഗർഭിണിയായിരുന്ന സമയത്ത് പിതാവ് മുംബയിലുളള ഒരു അഭിഭാഷകന്റെ ഓഫീസിൽ കൊണ്ടുപോയിരുന്നതായും രേഖകളിൽ ഒപ്പിടാൻ പറഞ്ഞിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി.

സെപ്‌തംബറിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പക്ഷെ പിതാവ് കുഞ്ഞിനെ പൊതുപ്രവർത്തകനെ ഏൽപ്പിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ മാതാപിതാക്കൾ വിറ്റതാണെന്ന സത്യം മനസിലായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് കാമുകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. ഇതറിഞ്ഞ മാതാപിതാക്കൾ പെൺകുട്ടിക്ക് മറ്റൊരു വിവാഹമുറപ്പിക്കുകയായിരുന്നു. ആ ബന്ധത്തിലും പെൺകുട്ടിക്ക് ഒരു കുഞ്ഞുണ്ടായി. പക്ഷെ പെൺകുട്ടിക്ക് മുൻപ് സംഭവിച്ച കാര്യങ്ങൾ മനസിലാക്കിയ യുവാവ് ഉപേക്ഷിച്ചിട്ട് കടന്നുകളയുകയായിരുന്നു. രണ്ടാമത് ജനിച്ച കുഞ്ഞിനെയും മാതാപിതാക്കൾ വിൽക്കാനുളള ശ്രമം നടത്തുകയാണെന്ന് മനസിലാക്കിയതോടെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ, പ്രധാന അദ്ധ്യാപകൻ,അഭിഭാഷകൻ, രണ്ട് വനിതാ ഡോക്ടർമാർ,പൊതുപ്രവർത്തകൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആദ്യ കുഞ്ഞിനെ വിറ്റതിൽ മാതാപിതാക്കൾക്ക് ഒന്നര ലക്ഷം രൂപ വീതവും മറ്റുളളവർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിച്ചതായി അന്വേഷണത്തിൽ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.