നീലേശ്വരം: കടുത്ത ചൂടിൽ കടലിൽ മത്സ്യലഭ്യത കുറഞ്ഞത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയടക്കം തീരദേശ ജീവിതത്തെ ദുരിതത്തിലാക്കി. കടലിൽ ഇറങ്ങിയാൽ വെറുകൈയോടെ മടങ്ങേണ്ടിവരികയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം അത്രകണ്ട് കടലിനെ ബാധിച്ചുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിയിലാണ്. ഈസ്റ്ററും, വിഷുവും പെരുന്നാളുമെല്ലാം ആഘോഷമില്ലാതെ കഴിഞ്ഞുപോയതായി സങ്കടത്തോടെ മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ നിലയിൽ നല്ല നിലയിൽ മീൻ ലഭിക്കേണ്ട സമയത്താണ് കടലിൽ കടുത്ത വറുതി. ഇനി മേയ് മാസം കൂടി കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. കാലവർഷത്തിൽ കടൽക്ഷോഭം ശക്തമാകുമ്പോൾ ട്രോളിംഗ് നടക്കില്ല. പിന്നാലെ ട്രോളിംഗ് നിരോധനകാലവുമാകും. കഴിഞ്ഞ ഒരു വർഷമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യതയില്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പഴകിയ മീനുകളാണ് മാർക്കറ്റിൽ എത്തുന്നത്. വലിയ വിലയും ഇതിന് ഈടാക്കുന്നു.
കടലിലിറങ്ങാൻ ചിലവേറുന്നു
തോണിയിൽ പോകുന്നവർക്ക് ദിവസം 5000 രൂപയും ബോട്ടിൽ പോകുന്നവർക്ക് ചുരുങ്ങിയത് 15000 രൂപയും ചിലവ് വരുന്നുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ ചിലവുകാശു പോലും കിട്ടാതെ തിരിച്ച് വരേണ്ട അവസ്ഥയാണുള്ളതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
ഇരുപതു വയസ്സിൽ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.ഇതുപോലെ മത്സ്യം ലഭിക്കാത്ത കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല പി.വി.കുമാരൻ മത്സ്യതൊഴിലാളി. തൈക്കടപ്പുറം. ചിത്താരി തൊട്ട് തെക്കുഭാഗത്തുള്ള മത്സ്യതൊഴിലാളികൾ തൈക്കടപ്പുറത്ത് നിന്നാണ് കടലിൽ പോകുന്നത്. ഇവർക്ക് ചിലവായ പൈസ പോലും ഒരു ദിവസം കിട്ടുന്നില്ല-കെ.പി.മധു.മരക്കാപ്പ് കടപ്പുറം
തടഞ്ഞാലും നിൽക്കാതെ അനധികൃത ബോട്ടുകൾ
ഫിഷറീസ് വകുപ്പ് കർശന നടപടി സ്വീകരിക്കുമ്പോഴും അനധികൃത മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന അന്യസംസ്ഥാന ബോട്ടുകൾ നിർബാധം കടലിൽ വിഹരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒരു ഡസനോളം അന്യസംസ്ഥാന ബോട്ടുകളാണ് അധികൃതർ പിടികൂടി പിഴ ഈടാക്കിയത്. നിയമം ലംഘിച്ചുള്ള മീൻപിടുത്തത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം നവംബർ മാസം മത്സ്യത്തൊഴിലാളികൾ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു. ഇതിനുശേഷമാണ് അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. നിരോധിത വലകൾ ഉപയോഗിച്ചും തീരത്തോട് ചേർന്നും ബോട്ടുകൾ മത്സ്യബന്ധനത്തിലേർപ്പെടുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിക്കാത്തതിന് പിന്നിലുണ്ടെന്ന് നേരത്തെയുള്ള പരാതിയാണ്. കടലിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കി ഇവയെ നിയന്ത്രിക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നു.