fried-chicken

ഫ്ലോറിഡ: വഴക്കിനിടെ സഹോദരിയുടെ ദേഹത്ത് ഫ്രൈഡ് ചിക്കൻ കഷ്‌ണങ്ങൾ എറിഞ്ഞ സഹോദരൻ അറസ്റ്റിൽ. ഫ്ലോറിഡയിലെ ക്ലിയർവാട്ടർ സിറ്റിയിലാണ് സംഭവം. 20കാരനായ ഖാൻയെ എഡ്രയേസ് മെഡ്‌ലി എന്നയാളാണ് അറസ്റ്റിലായത്. വീട്ടിൽ വച്ചാണ് സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായത്.

ഇക്കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2.21ഓടെ മെഡ്‌ലിയും സഹോദരിയും കിംഗ്സ്ലി സ്ട്രീറ്റിലെ വീട്ടിൽ ഫ്രൈഡ് ചിക്കൻ കഴിക്കാൻ ഇരിക്കുമ്പോഴായിരുന്നു സംഭവം. സഹോദരിയുടെ കയ്യിൽ നിന്ന് ചിക്കൻ കൊണ്ടുവന്ന പാക്കറ്റ് പിടിച്ചുവാങ്ങുകയും വഴക്കിടുകയും ചെയ്‌തെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് മെഡ്‌ലി ചിക്കൻ കഷ്‌ണങ്ങളിലൊന്നെടുത്ത് സഹോദരിക്ക് നേരെ എറിഞ്ഞു. ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ ശരീരത്തിലായെന്നും പരാതിയിൽ പറയുന്നുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡ്‌ലിയെ അറസ്റ്റ് ചെയ്‌‌തത്. ചോദ്യം ചെയ്യലിൽ സഹോദരിക്ക് നേരെ രണ്ട് ചിക്കൻ കഷ്‌ണങ്ങൾ എറിഞ്ഞതായി മെഡ്‌ലി സമ്മതിച്ചതായി പൊലീസ് പറയുന്നു. താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്‌ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറഞ്ഞു. ഇതിൽ അസ്വസ്ഥനായാണ് സഹോദരിക്ക് നേരെ ചിക്കൻ കഷ്‌ണം എറിഞ്ഞതെന്നും പൊലീസ് സമ്മതിച്ചു. മെഡ്‌ലിയെ പിനെലാസ് കൗണ്ടി ജയിലിലാക്കുകയും ഒരു ദിവസത്തിന് ശേഷം വിട്ടയയ്‌ക്കുകയും ചെയ്‌തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.