prajwal-revanna

ബംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരികൊണ്ടു നിൽക്കുമ്പോഴാണ് കന്നഡ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ലൈംഗിക ആരോപണക്കേസ് പുറത്തുവരുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസൻ സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതോടെ ജെഡിഎസ് ശരിക്കും പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രജ്വൽ രേവണ്ണയുടേതെന്ന് പറയപ്പെടുന്ന അശ്ലീല വീഡിയോ ക്ലിപ്പുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഹോളനർസിപുര സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയതോടെ സംഭവത്തിന്റെ ഗതിമാറി. തുടക്കത്തിൽ ഈ വിവാദം ഏറ്റെടുക്കാൻ കോൺഗ്രസ് മടിച്ചു. എന്നാൽ ജെഡിഎസിന് എതിരെയും സഖ്യകക്ഷിയായ ബിജെപിക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമാണെന്ന് ബോദ്ധ്യപ്പെത്തോടെ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് വിവാദം കത്തിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും രാഷ്ട്രീയമായി തകർക്കാൻ വേണ്ടി ആരോ കെട്ടിച്ചമച്ചതാണെന്നുമാണ് പ്രജ്വൽ രേവണ്ണ വാദിച്ചത്. ഇതോടെ വീഡിയോയുടെ ആധികാരികതയായിരുന്നു അന്വേഷണ സംഘം ആദ്യം പരിശോധിച്ചത്. ഇപ്പോൾ ഈ വിവാദത്തിനും കേസിനും എന്ത് സംഭവിച്ചു. പരിശോധിക്കാം....

ആദ്യത്തെ കേസ്
33കാരനായ പ്രജ്വൽ രേവണ്ണ തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നെന്നും ചൂണ്ടിക്കാണിച്ച് 86 മാദ്ധ്യമങ്ങൾക്കും മൂന്ന് വ്യക്തികൾക്കുമെതിരെ ബംഗളൂരു സിവിൽ കോടതിയെ സമീപിച്ചിരുന്നു. വ്യാജ പ്രചാരണം തടയാൻ ഗാഗ് ഓർഡർ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കോടതിയെ സമീപിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വ്യാജവാർത്തകളും മോർഫ് ചെയ്ത ഫോട്ടോഗ്രാഫുകളും വീഡിയോകളും സംപ്രേക്ഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 2ന് പ്രജ്വലിന് കോടതിയിൽ നിന്ന് ഇൻജക്ഷൻ ഓർഡർ ലഭിച്ചെന്നെും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഈ കേസിലെ പ്രതികളിൽ പ്രജ്വലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. എംപിയുടെ ഫോണുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളിൽ നിന്നും ഇയാൾക്ക് ലഭിച്ച വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 13 ഏക്കർ ഭൂമി വിട്ടുനൽകാത്തതിന് തന്നെയും ഭാര്യയെയും പ്രജ്വൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഡ്രൈവർ പിന്നീട് ഹാസൻ ജില്ലയിൽ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ബിജെപി നേതാവിന്റെ ഇടപെടൽ
ഈ വർഷം ജനുവരിയിൽ അഭിഭാഷകനും പ്രാദേശിക ബിജെപി നേതാവുമായ ജി ദേവരാജ ഗൗഡ ഹാസനിൽ ഒരു വാർത്താ സമ്മേളനത്തിൽ അശ്ലീല ചിത്രങ്ങളെക്കുറിച്ചും ഗാഗ് ഓർഡറുകളെക്കുറിച്ചും സംസാരിച്ചതോടെയാണ് വിഷയം വീണ്ടും വെളിച്ചത്തുവന്നത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഹോളനരസിപുരയിൽ നിന്ന് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയോട് തോറ്റ ഗൗഡ, കഴിഞ്ഞ വർഷം ഡിസംബറിൽ അന്നത്തെ സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ ബി.വൈ വിജയേന്ദ്രയ്ക്ക് സെക്സ് വീഡിയോകളെക്കുറിച്ച് കത്തയച്ചെന്നും റിപ്പോർട്ടുണ്ട്.

പ്രജ്വാലയുടെ മുൻ ഡ്രൈവർ വഴിയാണ് വീഡിയോ തനിക്ക് ലഭിച്ചതെന്നും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോകളാണെന്നും ദേവരാജെ പറഞ്ഞതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവർക്ക് എങ്ങനെയാണ് വീഡിയോ ലഭിച്ചതെന്ന് അറിയില്ല. ആ സ്ത്രീകളോടുള്ള ബഹുമാനം കൊണ്ട് താൻ ഈ വീഡിയോ പുറത്തുവിടില്ലെന്നും ദേവരാജെ പറഞ്ഞു.

prajwal-revanna

2976 വീഡിയോ ക്ലിപ്പുകൾ

2976 വീഡിയോ ക്ലിപ്പുകളാണ് വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് പുറത്തുവന്നത്. ഇതേ കുറിച്ചും ദേവരാജയും അന്ന് വ്യക്തമാക്കിയിരുന്നു. കൂടുതൽ പേരെയും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. കർണാടക പൊലീസ് പറയുന്നതനുസരിച്ച്, ഹാസനിൽ വ്യക്തികൾക്കിടയിൽ വിതരണം ചെയ്ത പെൻഡ്രൈവിൽ 2,976 വീഡിയോകൾ ഉണ്ടായിരുന്നു എന്നാണ്. സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ മുതൽ മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന വീഡിയോകളും പെൻഡ്രൈവിലുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത് കൂടുതൽ വീഡിയോകളും റെക്കോർഡ് ചെയ്തത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ്. 2019ൽ ചിത്രീകരിച്ച വീഡിയോകളിൽ പ്രജ്വലിന്റെ വീട്ടിലെ സ്റ്റോർ റൂമുകളിൽ നിന്നുള്ള ദൃശ്യങ്ങൾ വരെയുണ്ട്. ചില പെൻഡ്രൈവുകളുടെ സാധുത പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്ന് കർണാടക പൊലീസ് വ്യക്തമാക്കുന്നു.

പുറത്തുവിട്ടതോടെ പുറത്തായതോ
വീഡിയോ ക്ലിപ്പുകൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്പുറത്തുവിട്ടതാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. പ്രജ്വലിന്റെ വിശ്വസ്തനായ ഡ്രൈവർ കാർത്തിക്കിനെയാണ് സംശയിക്കുന്നത്. കാർത്തിക്കിന്റെ തിരോധാനവും വിരൽചൂണ്ടുന്നത് അതിലേക്കാണ്. എന്നാൽ ബിജെപി നേതാവ് ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയതെന്നാണ് കാർത്തിക് പറയുന്നത്. കോൺഗ്രസ് നേതാക്കൾക്ക് പെൻഡ്രൈവ് കൈമാറിയിട്ടില്ലെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി കയ്യിലുള്ള തെളിവുകൾ കൈമാറുമെന്നും കാർത്തിക് അറിയിച്ചിരുന്നു.

prajwal-revanna

കാർത്തിക് എവിടെ?

പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഡ്രൈവർ കാർത്തിക്ക് അപ്രത്യക്ഷനായത്. കാർത്തിക്കിന്റെ തിരോധാനത്തിന് പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാക്കളാണെന്നാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിക്കുന്നത്. കാർത്തിക്ക് മലേഷ്യയിലാണെന്നും ആരാണ് അവിടേക്ക് അയച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ ഉന്നംവച്ചാണ് കുമാരസ്വാമിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഡികെ നിഷേധിച്ചു, കുമാരസ്വാമി അങ്ങനെ പറയുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് എല്ലാം അറിയാമെന്ന് അർത്ഥം എന്ന് ഡികെ ശിവകുമാർ പറഞ്ഞു.

അച്ഛനും മകനുമെതിരെ കേസ്
സെക്സ് ടേപ്പ് വിവാദത്തിൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം, ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയും പിതാവും മുൻ കർണാടക മന്ത്രിയുമായ എച്ച്ഡി രേവണ്ണയ്‌ക്കെതിരെയും കേസെടുത്തു എന്നാണ്. തട്ടിക്കൊണ്ടുപോകലിനാണ് പിതാവിനെതിരെ കേസെടുത്തത്. സംഭവത്തിൽ അച്ഛനും മകനും എതിരെയുള്ള രണ്ട് പുതിയ കേസുകളാണിത്. കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.