ന്യൂഡൽഹി: രാഹുൽ ഗാന്ധി റായ്‌ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്നും മോദി പറഞ്ഞു. വയനാട് കൂടാതെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് താൻ മുമ്പ് നടത്തിയ പ്രസ്‌താവനയും മോദി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ ബർദമാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
'തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ വ്യക്തമാണ്. ഇനി അഭിപ്രായ സർവേയുടെ ആവശ്യമില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞതാണ് വയനാട് സീറ്റിൽ തോൽക്കുമെന്നതിനാൽ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന്. ഇപ്പോൾ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം പറയാനുണ്ട്, ഭയപ്പെട്ട് ഓടരുത്. ഭയം കാരണം അമ്മയും മകനും അമേഠിയിൽ നിന്ന് ഒഴിഞ്ഞുമാറുമെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്', മോദി പറഞ്ഞു.
ആഴ്‌ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ കിഷോരി ലാൽ ശർമ അമേഠിയിലും സ്ഥാനാർത്ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
1952 മുതൽ ഗാന്ധി കുടുംബം വിജയിച്ചുകൊണ്ടിരിക്കുന്ന സീറ്റാണ് റായ്‌ബറേലി. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണിത്. രാജ്യസഭാ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽ നിന്നും സോണിയ ഗാന്ധി പിന്മാറിയത്.