fish-

ശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ളേജിലെ ശംഖ്കുളത്തിലെ രണ്ടായിരത്തിലധികം വരുന്ന മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഒരുകിലോ മുതൽ നാല് കിലോ വരെ തൂക്കമുള്ള തിലോപ്പിയ,കരിമീൻ,കണമ്പ് തുടങ്ങിയ ഇനത്തിൽപ്പെട്ടവയാണ് ചത്തുപൊങ്ങിയത്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.വ്യാഴാഴ്ച പുലർച്ചയോടെ കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് ജീവനക്കാർ ചത്ത മത്സ്യങ്ങളെ കുഴിയെടുത്ത് മൂടി.തുടർന്ന് കുളത്തിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ചു.ഫലം ലഭിച്ചാൽ മാത്രമേ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന്റെ കാരണം വ്യക്തമാകൂവെന്ന് അധികൃതർ പറയുന്നു.

കുളത്തിൽ നൂറിലധികം ആമകളുണ്ടെങ്കിലും മീനുകൾ മാത്രമാണ് ചത്ത് പൊങ്ങിയത്. അവധിക്കാലം ആഘോഷിക്കാൻ ടൂറിസ്റ്റ് വില്ളേജിലെത്തുന്ന കുട്ടികളുടെ ഇഷ്ടവിനോദ കേന്ദ്രമായിരുന്നു ശംഖ്കുളം.കുളത്തിലൂടെ ചുറ്റിക്കറങ്ങി മീനുകളെ കാണുന്നതിനുണ്ടായിരുന്ന നാല് ബോട്ടുകൾ സംരക്ഷണമില്ലാതെ കട്ടപ്പുറത്താണ്.