ന്യൂഡൽഹി: മാറിവരുന്ന ജീവിത സാഹചര്യങ്ങൾ കാരണം അമിത വണ്ണം എന്ന പ്രശ്‌നം ഇന്ന് ഒട്ടുമിക്ക ജനങ്ങളെയും പ്രായഭേദമന്യേ പിടികൂടിക്കഴിഞ്ഞു. ജോലിത്തിരക്കുകൾ കാരണം കൃത്യമായ വ്യായാമമോ ഭക്ഷണരീതിയിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരാനോ സാധിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ, തന്റെ ബാങ്ക് ജോലിക്കിടയിലും ആരോഗ്യത്തിന് വേണ്ടി കുറച്ച് സമയം മാറ്റിവച്ച് വെറും മൂന്ന് മാസം കൊണ്ട് 14 കിലോ കുറച്ച 47കാരന്റെ അനുഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്.
ജിമ്മിൽ പോലും പോകാതെ സഞ്ജയ് കുമാർ സുമൻ എന്ന മദ്ധ്യവയസ്‌കൻ എങ്ങനെയാണ് അദ്ദേഹത്തിന്റെ ശരീരഭാരം കുറച്ചതെന്ന് നോക്കാം. ടൈംസ് ഒഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. തൈറോയ്‌ഡ്, ഫാറ്റി ലിവർ, കൊളസ്‌ട്രോൾ, മൈഗ്രേയ്‌ൻ, രൂക്ഷമായ അലർജി, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് സഞ്ജയ് ശരീരഭാരം കുറയ്‌ക്കാൻ തീരുമാനിച്ചത്.
രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് സഞ്ജയ്‌യുടെ ദിവസം ആരംഭിക്കുന്നത്. ശേഷം 20 മിനിട്ട് നടക്കും. പഞ്ചസാര, ശുദ്ധീകരിച്ച മാവ്, വഴിയോരക്കടകളിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ തുടങ്ങി ആരോഗ്യത്തിന് നല്ലതല്ലാത്ത എല്ലാ ഭക്ഷണങ്ങളും അദ്ദേഹം ഒഴിവാക്കി. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഒഴിവാക്കി. 80 ശതമാനം ഭക്ഷണക്രമവും 20 ശതമാനം വ്യായാമവും എന്നത് ജീവിതത്തിന്റെ ഭാഗമാക്കി. ശരീരഭാരത്തിനനുസരിച്ച് വെള്ളം കുടിക്കാൻ തുടങ്ങി. ദിവസം കുറഞ്ഞത് മൂന്നര ലിറ്റർ വെള്ളം കുടിക്കണമെന്നാണ് സഞ്ജയ് പറയുന്നത്.
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് സഞ്ജയ് പറയുന്നത്. പ്രാതൽ ഒഴിവാക്കിയാൽ വിശപ്പ് കൂട്ടുമെന്നും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രഭാതഭക്ഷണത്തിൽ സഞ്ജയ് ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തിയിരുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു പ്ലേറ്റ് പച്ചക്കറികൾ കഴിക്കാറുണ്ടായിരുന്നു. ഇത് വിശപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ വ്യായാമവും ഭക്ഷണക്രമവും തടി കുറയ്‌ക്കാൻ മാത്രമല്ല, നിങ്ങളെ രോഗം വരാതെ സംരക്ഷിക്കാനും സഹായിക്കുമെന്ന് സഞ്ജയ് പറഞ്ഞു. കൂടാതെ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനും നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.