-annie-raja

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് ആനി രാജ. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് ആനി രാജ ആരോപിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.

'543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇന്ത്യ സഖ്യം എങ്ങനെ ശക്തിപ്പെടും. വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരം ഒരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് അത് വയനാട്ടിലെ തിരഞ്ഞെടുപ്പിന് മുൻപ് തുറന്ന് പറയണമായിരുന്നു', - വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ആനി രാജ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ പറഞ്ഞു. ഇന്ന് രാവിലെയാണ് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയിൽ രാഹുൽ ഗാന്ധി ജനവിധി തേടും. ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് ആണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി. അമേഠിയിൽ കെ എൽ ശർമയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്‌മൃതി ഇറാനിയാണ് എതിർസ്ഥാനാർത്ഥി. ഈ മാസം ഇരുപതിനാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.

ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. നാമനിർദേശപ‌ത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും.

കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്നു അമേഠിയും റായ്ബറേലിയും. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല. 2019ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. വയനാട്ടില്‍ നിന്ന് മത്സരിച്ച്, വിജയിച്ചാണ് അദ്ദേഹം ലോക്‌സഭയിലേക്ക് പോയത്. ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചിരുന്നു. 2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ നിന്ന് വിജയിക്കുന്നത്. അനാരോഗ്യം കണക്കിലെടുത്ത് ഇത്തവണ സോണിയ മത്സരരംഗത്ത് നിന്ന് മാറി.