ഡ്രൈവിംഗ് ടെസ്റ്റിൽ സർക്കാർ നടപ്പിലാക്കുന്ന പരിഷ്കാരവും അതിനെതിരെ ഡ്രൈവിംഗ് സ്കൂളുകാരുടെ കടുത്ത പ്രതിഷേധവുമാണല്ലോ ഇപ്പാേൾ കേരളത്തിലെ സജീവ ചർച്ച. ലൈസൻസ് എടുത്തശേഷം വണ്ടി ഓടിക്കാൻ പഠിക്കുന്ന രീതിയാണ് നിലവിൽ കേരളത്തിലുള്ളത്. ലൈസൻസ് എടുത്തശേഷം മാസങ്ങൾ കഴിഞ്ഞാലേ ഒരുവിധം മര്യാദയ്ക്ക് വണ്ടി ഓടിക്കാൻ പഠിക്കൂ. അങ്ങനെ പഠിച്ച് റോഡിലിറങ്ങിയാൽ വഴിനീളെ മുട്ടൻ ബ്ലോക്കുണ്ടാക്കുകയും ചെയ്യും. പാർക്കിംഗിന്റെ കാര്യം പറയുകയും വേണ്ട. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി റോഡ് തന്റെ തന്തയുടെ മാത്രം വകയല്ലെന്ന് മനസിലാക്കി വണ്ടിഓടിക്കുന്ന അവസ്ഥ കേരളത്തിലും ഉണ്ടാക്കുകയാണ് ലക്ഷ്യം..
ലോകത്തെ ഏറ്റവും എളുപ്പത്തിൽ വണ്ടിഓടിക്കാനുള്ള ലൈസൻസ് നേടാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ടെസ്റ്റിനെത്തുന്ന ഭൂരിഭാഗവും ജയിക്കും. തോൽക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ക്ളച്ചും ബ്രേക്കും ഏതാണെന്ന് ശരിക്കും അറിയാത്തവർ പോലും ജയിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവുമെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. ഇന്ത്യയിലെ ടെസ്റ്റ് എളുപ്പമാണെങ്കിൽ ലോകത്ത് കടുകട്ടിയായ ടെസ്റ്റ് നടക്കുന്ന രാജ്യം ഏതാണെന്ന് അറിയാമോ? ക്രൊയേഷ്യ ആണത്. കേരളത്തിൽ ഇപ്പോൾ നടപ്പാക്കാൻ പോകുന്ന പരിഷ്കാരങ്ങളെ എതിർക്കുന്നവർ ക്രൊയേഷ്യയിലെ രീതിയെക്കുറിച്ചറിഞ്ഞാൽ ബോധം പോകും. അത്രയ്ക്ക് കടുപ്പമാണെന്ന് മാത്രമല്ല എത്ര സ്വാധീനമുള്ളവർക്കും ഒരു ഇളവും പ്രതീക്ഷിക്കുകയും വേണ്ട.
പോക്കറ്റ് കീറും
ഏറ്റവും കഠിനം എന്നതുമാത്രമല്ല ക്രൊയേഷ്യയിൽ ലൈസൻസ് എടുക്കണമെങ്കിൽ കാര്യമായ രീതിയിൽ പണവും ചെലവാകും. ഇവിടെ പത്തുപേർ ടെസ്റ്റിനെത്തിയാൽ അതിൽ വിജയിക്കുക കഷ്ടിച്ച് രണ്ടുപേർ മാത്രമാകും. തോറ്റാൽ റീ ടെസ്റ്റിന് കാത്തിരിക്കണം. ഒരുദിവസം നിശ്ചിത എണ്ണം ടെസ്റ്റുകൾ മാത്രമാണ് നടത്തുന്നത്. അതിനാൽ റീ ടെസ്റ്റിന് ഡേറ്റ് കിട്ടാൻ ഏറെനാൾ കാത്തിരിക്കേണ്ടിവന്നേക്കാം.
ലൈസൻസ് ടെസ്റ്റിന് എത്തുന്ന വ്യക്തി ഒന്നിലധികം മെഡിക്കൽ ടെസ്റ്റും പൂർത്തിയാക്കണം. അംഗീകൃത ഡോക്ടർക്ക് മുന്നിലെത്തിവേണം പരിശോധനയ്ക്ക് വിധേയമാകാൻ. ഒന്നും വിട്ടുപോകാതെ ഇതെല്ലാം കാമറയിലുമാക്കും. രണ്ട് ഘട്ടമായാണ് ലൈസൻസ് ടെസ്റ്റുനടത്തുന്നത്. ലേണേഴ്സ് പാസായാലേ ഇതിൽ പങ്കെടുക്കാൻ കഴിയൂ. പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങൾ പരീക്ഷാർത്ഥികൾക്ക് നേരത്തേ ലഭ്യമാക്കും. ഇതുനോക്കി പഠിച്ച് നിശ്ചിതമാർക്കുനേടിയാൽ മാത്രമേ മുന്നോട്ടുപോകാനാവൂ. എല്ലാ ചോദ്യത്തിനും ഉത്തരം കാണാത പഠിക്കാൻ ഒരിക്കലും നടക്കില്ല.ലേണേഴ്സ് കഴിഞ്ഞാണ് പ്രാക്ടിക്കൽ. പാർക്കിംഗ് ഉൾപ്പടെ എല്ലാത്തിലും പെർഫെക്ട് ആണെങ്കിൽ മാത്രം ലൈസൻസ് പ്രതീക്ഷിച്ചാൽ മതി.
പതിനെട്ട് തികഞ്ഞാലുടൻ ലൈസൻസ് എടുക്കാമെന്ന മോഹം വെറും വ്യാമോഹം മാത്രമാണ്. പതിനെട്ടുകഴിഞ്ഞാൽ ഇരുചക്രവാഹനമാേടിക്കാൻ ലൈസൻസ് ലഭിക്കും. കാറിന് ഇരുപത്തിനാല് കഴിയണം. വലിയ വാഹനങ്ങൾക്കുള്ള ലൈസൻസ് വേണമെങ്കിൽ കുറച്ചുവർഷങ്ങൾ കൂടി കാത്തിരിക്കണം. ഇങ്ങനെ കഷ്ടപ്പെട്ട് ലൈസൻസ് നേടിയാലും കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഇവർക്ക് വാഹനമോടിക്കാൻ കഴിയൂ.
പഠിക്കേണ്ടത് അറുപതുമണിക്കൂർ
അറുപത് മണിക്കൂർ ക്ലാസ്, പതിനഞ്ച് മണിക്കൂർ പ്രാക്ടിക്കൽ ക്ളാസ്... ബ്രസീലിലെ കടുകട്ടിയായ ഡ്രൈവിംഗ് ടെസ്റ്റ് ഇങ്ങനെ പോകുന്നു. ട്രാഫിക് നിയമം, ഡിഫൻസീവ് ഡ്രൈവിംഗ്, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ചെല്ലാം ഡ്രൈവർക്ക് നന്നായി അറിവുണ്ടാവണം. വെറുതേ ക്ളാസിൽ പങ്കെടുത്താൽ മാത്രം പോര. ക്ലാസുകൾ തീരുന്നമുറയ്ക്ക് മുപ്പതുമാർക്കിനുള്ള ഒരു പരീക്ഷ ഉണ്ടാവും. നേരത്തേ പഠിച്ച വിഷയങ്ങളിൽ നിന്ന് മാത്രമേ ചോദ്യങ്ങൾ ഉണ്ടാവൂ. ഇതിൽ കുറഞ്ഞത് ഇരുപത്തിയൊന്ന് ചോദ്യങ്ങൾക്കെങ്കിലും ശരിയായ ഉത്തരമെഴുതിയാൽ മാത്രമേ ലൈസൻസിനെക്കുറിച്ച് സ്വപ്നംകാണാനെങ്കിലും പറ്റൂ. ഇത് വിജയിച്ചുുകഴിഞ്ഞാൽ പിന്നെ പ്രാക്ടിക്കലാണ്. ഇതിനൊപ്പം രാത്രികാല ക്ലാസുകളും ഉണ്ടാവും. പ്രാക‌്ടിക്കൽ നടത്തുന്നത് റോഡിലിറക്കിയല്ല. ഇതിനായി പ്രത്യേക സിമുലേറ്റർ ഉണ്ടാവും. അഞ്ചുമണിക്കൂറാണ് ഇത്തരത്തിലുള്ള പ്രാക്ടിക്കൽ. അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ നിന്നുള്ള നിശ്ചിത യോഗ്യത നേടിയ പരീശീലകനും ഒപ്പം ഉണ്ടാവണം.
പെടാപ്പാടുപെട്ട് ലൈസൻസ് നേടിയാലും റോഡിൽ പിന്നെയും കഠിന പരീക്ഷണങ്ങൾ കാത്തിരിപ്പുണ്ട്. ഇവിടെ റോഡുനിയമങ്ങൾ കർശനമാണ്. നിയമലംഘനങ്ങളെ നാല് തരത്തിൽ തിരിച്ചശേഷം അവയ്ക്ക് നിശ്ചിത പോയിന്റും നൽകിയിട്ടുണ്ട്. മൈനർ (3 പോയിന്റുകൾ), ഇടത്തരം (4 പോയിന്റുകൾ), ഗുരുതരമായത് (5 പോയിന്റുകൾ), വളരെ ഗുരുതരമായത് (7 പോയിന്റുകൾ) എന്നിങ്ങനെയാണവ.. ട്രാഫിക് ലംഘനത്തിനുള്ള പോയിന്റുകൾ ലഭിച്ചാൽ കുറ്റകൃത്യം നടന്ന ദിവസം മുതൽ ഒരു വർഷത്തേക്ക് നീണ്ടുനിൽക്കും.
മൊത്തം സ്‌കോർ ഒരുവർഷത്തിനുള്ളിൽ 20 കടന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിന്നെ രണ്ടുമാസം കഴിഞ്ഞശേഷമായിരിക്കും സസ്പെൻഷൻ കാലാവധിയെക്കുറിച്ച് അധികൃതർ ചിന്തിക്കൂ. സസ്പെൻഷൻ ചിലപ്പാേൾ ഒരുവർഷത്തിൽ കൂടുതൽ നീണ്ടുപോവുകയും ചെയ്തേക്കാം. സസ്‌പെൻഷൻ കാലാവധി അവസാനിച്ച ഡ്രൈവർമാർ അധികൃതർ നടത്തുന്ന സ്പെഷ്യൽ ക്ളാസിലും പങ്കെടുക്കണം. അത് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് വീണ്ടും കൈയിൽ കിട്ടൂ.
ഗൾഫിൽ പൊളളും
ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചാൽ വണ്ടി ഓടിക്കാം എന്നതിലുപരി മികച്ച ജോലിയും അതിലൂടെ മികച്ച വരുമാനവും ലഭിക്കും. പക്ഷേ, ലൈസൻസ് എടുക്കാൻ നല്ല ചെലവുണ്ട്. കടംവാങ്ങിയാണെങ്കിലും ലൈസൻസ് എടുക്കാൻ പ്രവാസികൾ മുന്നിൽ നിൽക്കുന്നത് വരുമാനം കൂടുമെന്നതുകാെണ്ടാണ്. പക്ഷേ പക്കാ പെർഫെക്ട് ഡ്രൈവറാണെങ്കിൽ മാത്രം ലൈസൻസ് പ്രതീക്ഷിച്ചാൽ മതി.
രാജ്യത്ത് നിലവിലുളള ഗതാഗത നിയമങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ലേണേഴ്സ് പാസാവുകയാണ് ആദ്യം വേണ്ടത്. ഇവിടത്തെപ്പോലെ ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരത്തേ മനസിലാക്കാം. കമ്പ്യൂട്ടറിൽ തെളിയുന്ന ചോദ്യങ്ങൾക്ക് നിശ്ചിതസമയത്തിനകം ശരിയായ ഉത്തരം നൽകണം.പരീക്ഷാ സമയം കഴിയുമ്പോൾത്തന്നെ നിങ്ങൾ ജയിച്ചോ തോറ്റോ എന്ന് അറിയാൻ കഴിയും.
ഇനിയാണ് വണ്ടി ഓടിക്കാൻ പഠിക്കുന്നത്. നമ്മുടെ നാട്ടിലെപ്പോലെ എൽ ബോർഡുവച്ച് റോഡിലിറങ്ങിയാൽ അഴിയെണ്ണേണ്ടിവരുമെന്ന് ഉറപ്പ്. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് പരിശീലനത്തിന് അപേക്ഷിക്കുമ്പോൾ നമുക്ക് സമയം അനുവദിച്ചുകിട്ടും. അപ്പോൾ അംഗീകരമുള്ള പരിശീലനകനൊപ്പം മാത്രമേ വണ്ടി നിരത്തിലിറക്കാവൂ. നാൽപ്പത് ക്ലാസാണ് ഒരാൾ അറ്റന്റ് ചെയ്യേണ്ടത്.
നിയമപ്രകാരം എങ്ങനെ വണ്ടി ഓടിക്കാമെന്നാണ് ആദ്യത്തെ ക്ളാസുകൾ മുതൽ പഠിക്കുന്നത്. അത് ഗൾഫിൽ വണ്ടി ഓടിക്കുന്ന കാലംമുഴുവൻ പാലിക്കുകയും വേണം. അല്ലെങ്കിൽ സമ്പാദ്യം മുഴുവൻ പിഴയടയ്ക്കാൻ മാറ്റിവയ്‌ക്കേണ്ടിവരും. ചിലപ്പോൾ ജയിലിലുമായേക്കാം. പാർക്കിംഗ് ടെസ്റ്റ് പാസായാൽ മാത്രമേ റോഡ് ടെസ്റ്റിന് പങ്കെടുക്കാൻ കഴിയൂ. കയറ്റത്തിൽ പെട്ടെന്ന് നിറുത്തുകയും അല്പംപോലും പിന്നാോട്ടുരുളാതെ വണ്ടി വീണ്ടും മുന്നോട്ട് എടുക്കുന്നതും പാരലൽ പാർക്കിംഗുമൊക്കെ ഇതിൽ ഉൾപ്പെടും. പിന്നെയാണ് റോഡ് ടെസ്റ്റ്. നല്ലൊരുതുക ഇതിനെല്ലാമായി ചെലവാകും. ഓരോതവണ തോൽക്കുമ്പോഴും ചെലവാകുന്ന പണവും കൂടും.
നമ്പർ വൺ പാകിസ്ഥാൻ
ഏറ്റവും എളുപ്പത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് പാകിസ്ഥാനാണ്. തൊട്ടടുത്ത സ്ഥാനത്തുതന്നെ ഇന്ത്യയും വിയറ്റ്‌നാമുമൊക്കെയുണ്ട്.