temple

നിരവധി പുണ്യപുരാതന ക്ഷേത്രങ്ങളും പവിത്രമായ നദികളുമുളള രാജ്യമാണ് ഇന്ത്യ. ഓരോ ക്ഷേത്രങ്ങളുടെയും ഐതീഹ്യം വ്യത്യസ്തമാണ്. മിക്ക ക്ഷേത്രങ്ങളിലും അനുഷ്ഠിച്ച് വരുന്ന ആചാരങ്ങളും വേറിട്ടതാണ്. സാധാരണ വിശ്വാസികളായ മനുഷ്യർ ക്ഷേത്രങ്ങളിലെത്തി നിരവധി കാര്യസിദ്ധി പൂജകളും ചെയ്യാറുണ്ട്.

എന്നാൽ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രം മറ്റുളള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് നിലകൊളളുന്നത്. ജുൻജുനുവിലെ ബക്ര എന്ന ചെറിയ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലാ സാക്ലേ എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. രോഗശാന്തിക്ക് പേരുകേട്ട ക്ഷേത്രമാണിത്. ചികിത്സയില്ലാത്ത അസുഖങ്ങൾ വരെ ഇവിടെയെത്തിയാൽ അകന്നുപോകുമെന്നാണ് വിശ്വാസം. മനുഷ്യരെ ബാധിക്കുന്ന ചർമ്മരോഗങ്ങൾ ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിലൂടെ കുറയുമെന്നാണ് വിശ്വാസം.

മൃഗങ്ങൾക്കും പ്രവേശനം

മനുഷ്യർക്ക് മാത്രമല്ല പാലാ സാക്ലേയിൽ പ്രവേശിക്കാൻ അനുമതിയുളളത്. അസുഖം ബാധിച്ച മൃഗങ്ങളെയും രോഗശാന്തിക്കായി ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. പൂർണ ആരോഗ്യത്തോടെ വളരാൻ മനുഷ്യർ തന്നെയാണ് അവരുടെ വളർത്തുമൃഗങ്ങളെ ക്ഷേത്രങ്ങളിൽ എത്തിക്കുന്നത്.

ഐതീഹ്യം

നൂറ്റാണ്ടുകൾ പഴക്കമുളള ക്ഷേത്രമാണിത്. 600 വർഷങ്ങൾക്ക് മുൻപ് ബക്ര ഗ്രാമത്തിൽ പാലാ സാക്ലേ ദാദ എന്ന് പേരുളള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവച്ച പാലാ സാക്ലേയ്ക്ക് വളർത്തുമൃഗങ്ങളോടും സ്നേഹം കൂടുതലായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെ കർഷകരുടെ പശുക്കളെ കൊളളയടിക്കാൻ ക‌വർച്ചക്കാർ എത്തിയിരുന്നു.

കൊളളക്കാരിലൊരാൾ പാലാ സാക്ലേയുടെ കഴുത്ത് മുറിച്ചിട്ടും അദ്ദേഹം പശുക്കളെ രക്ഷിക്കാനായി യുദ്ധം ചെയ്തുകൊണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. പശുക്കളെ രക്ഷപ്പെടുത്തിയ പാലാ സാക്ലേ കർഷകരുടെ മുന്നിൽ കിടന്ന് തളർന്ന് മരിക്കുകയായിരുന്നു. അദ്ദേഹം മരിച്ചുവീണ സ്ഥലത്താണ് കർഷകർ ക്ഷേത്രം പണികഴിപ്പിച്ചത്. ഗ്രാമവാസികളുടെ പ്രശ്നം പരിഹരിക്കാൻ അവതരിച്ച രൂപമായാണ് പാലാ സാക്ലേയെ ഗ്രാമം കണ്ടിരുന്നത്.