theft

കോഴിക്കോട്: ഹോട്ടലിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന എസിയുടെ കോപ്പർ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ. താമരശ്ശേരി ഈങ്ങാപ്പുഴയിലാണ് സംഭവം. കക്കാട് പുതുപ്പറമ്പിൽ പി എസ് ഷഹാനാദ് (26) ആണ് ഇന്ന് പുലർച്ചെ തിരുവമ്പാടിയിൽ വച്ച് പൊലീസ് പിടിയിലായത്. താമരശ്ശേരി ഡിവെെ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാർച്ച് നാലിന് രാത്രിയാണ് ഹോട്ടലിൽ മോഷണം നടന്നത്. സിസിടിവിയിൽ പതിഞ്ഞ അവ്യക്ത ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് താമരശ്ശേരിയിലെയും കുന്നമംഗലം, കോഴിക്കോട് ഭാഗങ്ങളിലെയും നിരവധി സിസിടിവി ക്യാമറങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്.

ഷഹനാദ് ഇതിന് മുൻപും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈങ്ങാപ്പുഴയിലെ മോഷണത്തിന് ശേഷം കർണാടകയിലെ മംഗലാപുരത്തിനടുത്ത് ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. ഒളിവിലായിരുന്ന ഇയാൾ കോഴിക്കോട് എത്തിയ ഉടനെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ പുതുപ്പാടി സ്വദേശിയായ ഒരാൾ കൂടി ഇനി പിടിയിലാവാനുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷഹനാദിനെ താമരശേരി കോടതി റിമാൻഡ് ചെയ്തു.