മുംബയ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. റായ്ഗഡിലെ മഹാഡിൽ ലാൻഡിംഗിനിടെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാനാണ് ഹെലികോപ്ടറെത്തിയത്.
മഹാഡിലെ താത്കാലിക ഹെലിപാഡിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറിയ ഹെലികോപ്‌ടർ നിയന്ത്രണം നഷ്ടപ്പെട്ട് വീണു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിനിടെ പൈലറ്റുമാർ ചാടി രക്ഷപ്പെട്ടു. ഹെലികോപ്ടർ പൂർണമായും തകർന്നു. പൊലീസും രക്ഷാദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തി.
ബാരാമതിയിലെ എൻ.സി.പി സ്ഥാനാർത്ഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് പോകാനാണ് സുഷമാ ആന്ധരെ ഹെലികോപ്ടർ എത്തിച്ചത്. തുടർന്ന് സുഷമ കാറിൽ പുറപ്പെട്ടു