ചാരുംമൂട് : കായംകുളം -പുനലൂർ റോഡിൽ ഡോറിന് മുകളിൽ ഇരുന്ന് യുവാക്കൾ അപകടകരമായി യാത്ര ചെയ്ത കാർ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് നൂറനാട് പാലമേൽ സ്വദേശികളായ യുവാക്കൾ കല്യാണത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ ഏറെ തിരക്കേറിയ റോഡിൽ അപകടകരമായി യാത്ര ചെയ്തത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയും നൂറനാട് പാലമേൽ എള്ളുവിള കിഴക്കതിൽ ആഷിക് ഷെഫീക്കിന്റെ വീട്ടിൽ കവർ മൂടി ഒളിപ്പിച്ച നിലയിൽ KL 24 N 8838 നമ്പർ ഇന്നോവ കാർ എം .വി.ഐമാരായ ദിനൂപ്, പ്രസന്നകുമാർ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം നൂറനാട് പൊലീസിന് കൈമാറി. ഗാലിദ് എന്ന യുവാവാണ് വാഹനം ഓടിച്ചതെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് പറഞ്ഞു.