s

ബംഗളൂരു: ലൈംഗികാരോപണം നേരിടുന്ന ഹാസൻ എം.പി പ്രജ്വൽ രേവണ്ണയ്ക്കും പിതാവും കർണാടക മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ കേസും. പ്രജ്വൽ ലൈംഗികമായി ഉപദ്രവിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. അതിജീവിതയുടെ മകൻ മൈസൂരു കെ.പി.നഗർ പൊലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ച രാത്രി പരാതി നൽകുകയായിരുന്നു.

സ്ത്രീയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

രേവണ്ണയുടെ കുടുംബവുമായി അടുപ്പമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയെന്നാണ് യുവാവിന്റെ പരാതി.

രേവണ്ണയുടെ സഹായിയായ സതീഷ് ബബണ്ണ എന്നയാളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് യുവാവ് ആരോപിച്ചു. രേവണ്ണയുടെ ഭാര്യ ഭവാനി ജോലിക്കായി വിളിക്കുന്നെന്ന് പറഞ്ഞാണ് ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഏപ്രിൽ 29ന് വീട്ടിലെത്തിയ ബബണ്ണ അതിജീവിതയെ ബലമായി മോട്ടോർസൈക്കിളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രജ്വൽ അമ്മയെ ലൈംഗികമായി ഉപദ്രവിച്ച വിവരം മേയ് ഒന്നിനാണ് താൻ അറിഞ്ഞതെന്നും യുവാവ് പറഞ്ഞു.

പ്രജ്വൽ പീഡിപ്പിച്ചു:

മുൻ പഞ്ചായത്ത് അംഗം

അതിനിടെ പ്രജ്വൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് മുൻ ജില്ലാ പഞ്ചായത്ത് അംഗം രംഗത്തെത്തി. മൂന്ന് വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ വീഡിയോകൾ പകർത്തുകയും ചോർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകിയതിനെ തുടർന്ന് കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു.