മുംബയ്: മുംബയിലെ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആരോപണം.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ മൊബൈൽ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് യുവതിയുടെ ഭർത്താവ് ഖുസ്രുദ്ദീൻ അൻസാരിയും കുടുംബവും ആരോപിച്ചു മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ അതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.
പ്രതിഷേധം ശക്തമായതോടെ മുംബയ് കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഭാണ്ഡൂപിൽ മുംബയ് കോർപറേഷന്റെ കീഴിലുള്ള സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ തിങ്കഴ്ചയായിരുന്നു സംഭവം. 26കാരി സഹിദൂനിനെ ലേബർ റൂമിൽ പ്രവേശിപ്പിച്ച ഉടൻ വൈദ്യുതി മുടങ്ങി. മൂന്ന് മണിക്കൂറോളം ജനറേറ്റർ പ്രവർത്തിച്ചില്ലെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. പുലർച്ചെ രക്തസ്രാവത്തെ തുടർന്ന് യുവതിയും മരിച്ചു. മൂന്ന് മണിക്കൂറോളം വൈദ്യുതി നിലച്ചിട്ടും യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയില്ല. പകരം മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. 11 മാസം മുമ്പായിരുന്നു യുവതിയുടെ
വിവാഹം.
മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നെന്നും പ്രസവത്തിനായി ഏപ്രിൽ 29 ന് രാവിലെ ഏഴിന് ആശുപത്രിയിലെത്തിച്ചെന്നും ഭർതൃമാതാവ് പറഞ്ഞു. രാത്രി എട്ടിന് എല്ലാം ശരിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാണാൻ ചെന്നപ്പോൾ യുവതി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി മുടങ്ങി. പിന്നീട് ടോർച്ചിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ഇതിനിടെ കുട്ടി മരിച്ചു, ഞങ്ങൾ ബഹളം വച്ചപ്പോൾ സിയോൺ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും മരിച്ചു- അവർ ആരോപിച്ചു.