hair-

ഇടതൂർന്നതും ബലമുളളതുമായ മുടിയിഴകൾ എല്ലാവരുടെയും സ്വപ്‌നമാണ്. ഭക്ഷണക്രമത്തിലും മുടിയിഴകൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന ചില കാര്യങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. സാധാരണയായി മുടികൊഴിച്ചിലും താരനുമാണ് മിക്കവരെയും ബാധിക്കുന്ന പ്രശ്നങ്ങൾ. ഇവ പരിഹരിക്കാനായി കൃത്രിമവഴികൾ പരീക്ഷിക്കുന്നതിനേക്കാൾ നാടൻ രീതികൾ പ്രയോഗിക്കുകയാണെങ്കിൽ ഏറെഗുണം ചെയ്യും.

വീട്ടിലുളള ചില സാധനങ്ങൾ ഉപയോഗിച്ച് മുടിയിഴകളുടെ ബലം വർദ്ധിപ്പിക്കാൻ സാധിക്കും, ചില പൊടിക്കൈകൾ വെറും ഏഴ് ദിവസം പരീക്ഷിച്ച് നോക്കിയാൽ ഫലം ഉറപ്പായും നൽകും. ഏതൊക്കെയെന്ന് നോക്കാം,

1. മുട്ടയുപയോഗിക്കാം.

ആരോഗ്യമുള്ള മുടിയിഴകൾക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് മുട്ട. കൂടാതെ മുടിക്ക് ആവശ്യമായ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടവുമാണ്. വൈറ്റമിൻ ബി 1 (തയാമിൻ), ബി 2 (റൈബോഫ്‌ളേവിൻ), ബി 5 (പാന്റോതെനിക് ആസിഡ്) എന്നിവ മുടിയുടെ ഭംഗിക്കും കരുത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ബയോട്ടിൻ അല്ലെങ്കിൽ വൈറ്റമിൻ ബി 7 മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ്.

അതേസമയം ഫോളിക് ആസിഡ് അകാലനര ഒഴിവാക്കാൻ സഹായിക്കും. മുട്ടയുടെ മഞ്ഞയും വെള്ളയും ഉപയോഗിക്കുക. മുട്ടയുടെ മഞ്ഞ മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കുന്നു.

ഹെയർ മാസ്ക് തയ്യാറാക്കാം.

രണ്ട് മുട്ടകൾ പൊട്ടിക്കുക. ഇവ മുടിയിലും തലയോട്ടിയിലും പുരട്ടി പത്ത് മിനിറ്റ് വെയ്ക്കുക. ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് നന്നായി കഴുകി കളയുക.

2. കഞ്ഞിവെളളം

ആഴ്ചയിൽ രണ്ട് തവണ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുകയും, ശേഷം താളി ഉപയോഗിച്ച് തല കഴുകുകയും ചെയ്യണം. മുടിക്ക് പോഷകമൂല്യമുള്ള ധാരാളം ഘടകങ്ങൾ കഞ്ഞി വെള്ളത്തിലുണ്ട്. ഇവയിൽ 16 ശതമാനവും പ്രോട്ടീനുകളാണ്. ഇവ കോശങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

3. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ഇ ജി സി ജി എന്ന ആന്റിഓക്‌സിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെയും തലയിലെ ചർമ്മ കോശങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലയോട്ടിയിലെ പ്രോട്ടീൻ അളവ് നിയന്ത്രിക്കുകയും ജലാംശം ഉണ്ടാക്കി മോയ്‌സ്ചറൈസ് ചെയ്യുന്നു. ഒരു കപ്പ് തണുത്ത ഗ്രീൻ ടീ ഉപയോഗിച്ച് മുടിയിൽ മസാജ് ചെയ്‌ത ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് ബലമുളള മുടിയിഴകൾ ഉണ്ടാകാൻ സഹായിക്കും.